കാസർഗോഡ്: കരിന്തളം കുണ്ടൂർ ദേശത്തെ കുട്ടികൾക്ക് കളിക്കാൻ കളിയിടം വേണം. അത് നിർമിക്കാൻ പണം എങ്ങനെ കണ്ടെത്തും എന്നതിലായിരുന്നു നാട്ടുകാരുടെ ആശങ്ക. ഒടുവിൽ പ്രദേശത്തെ അമ്മമാർ ഉൾപ്പെടെ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങി. കുട്ടികൾക്ക് ഗ്രൗണ്ട് നിർമിക്കാനായി മീൻ വിൽപ്പനക്കിറങ്ങിയിരിക്കുകയാണ് ഈ അമ്മമാർ.
കളിസ്ഥലം എന്നൊരു ആവശ്യം ഉന്നയിച്ച് പല തവണ അധികാരികളെ പോയി കണ്ടെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ നാടൊന്നാകെ ഒറ്റക്കെട്ടായി ഒരു തീരുമാനത്തിലെത്തി. 15 ലക്ഷം രൂപ ചെലവിൽ ഗ്രൗണ്ട് നിർമിക്കാം. കളിക്കളത്തിന്റെ ധനശേഖരണത്തിനായി പല മാർഗങ്ങളും തേടി. ഒടുവിൽ മീൻ വിൽപ്പനയിലൂടെ ധനസമാഹരണം എന്ന തീരുമാനത്തിലേക്കെത്തി. കാലിച്ചാമരത്ത് രാവിലെ എട്ട് മണി മുതൽ ആരംഭിച്ച മീൻ വിൽപ്പനയ്ക്ക് കിട്ടിയത് നല്ല കിടിലൻ പ്രതികരണമാണ്.
മീൻ വിൽപ്പനയ്ക്കു പുറമെ വനിതകളുടെ നേതൃത്വത്തിൽ ചക്ക ചിപ്സ് നിർമാണം, യുവാക്കളുടെ നേതൃത്വത്തിൽ പാഴ് വസ്തുക്കളുടെ ശേഖരണം, ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച്, മുക്കട പാലത്തിനു സമീപം ഫുഡ് പോയിന്റ് എന്നിവയും സംഘടിപ്പിച്ചിരുന്നു. ഇതോടെ കരിന്തളം കുണ്ടൂർ ദേശത്തെ പുതുതലമുറയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുകയാണ്.