കാസർഗോഡ്: തലപ്പാടി ബസ് അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര വീഴ്ചയെന്ന് കർണാടക ആർടിസിയുടെ കണ്ടെത്തൽ. അമിത വേഗതയും അശ്രദ്ധയും അപകടത്തിനിടയാക്കിയെന്നും കണ്ടെത്തി. സർവീസ് റോഡിലൂടെ മാത്രം യാത്രയ്ക്ക് അനുമതി ഉണ്ടെന്നിരിക്കെ ദേശീയ പാതയിലൂടെ സർവീസ് നടത്തിയത് വീഴ്ചയെന്നും കണ്ടെത്തി.
കേരള -കർണാടക അതിർത്തിയായ തലപ്പാടി ചെക്ക് പോസ്റ്റിന് സമീപം ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. സ്ഥലത്തെ ദേശീയപാതയ്ക്ക് വീതി കുറവായിരുന്നു. ഡ്രൈവറായിരുന്ന നിജലിംഗപ്പ 14 വർഷമായി കർണാടക ആർടിസിയിൽ ജോലി ചെയ്ത് വരികയാണ്. ഏകദേശം മൂന്ന് വർഷമായി പ്രസ്തുത റൂട്ടിൽ ജോലി ചെയ്യുന്ന ഇയാൾക്ക്, നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിവുണ്ടായിരുന്നെന്ന് കർണാടക ആർടിസി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ബസിനുണ്ടായ സാങ്കേതിക തകരാർ മൂലം അപകടം സംഭവിക്കാൻ സാധ്യതയില്ലെന്നും പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും കർണാടക ആർടിസി റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ കോർപ്പറേഷൻ വഹിക്കും.
കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസാണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയത്. ബസ് ആദ്യം റോഡിൻ്റെ വലതുഭാഗത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കറങ്ങിത്തിരിഞ്ഞ ബസ് പിന്നോട്ടു പോയി. റോഡരികിലുള്ള കൈവരികൾ തകർത്ത് ബസ് കാത്തിരിക്കുന്നവരെ ഇടിച്ചു വീഴ്ത്തിയ ശേഷം മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിച്ച് റോഡിന് പുറത്തേക്ക് മാറി.
അപകടത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നഫീസ, ഖദീജ, ആയിഷ, ഹസ്ന, ഹവ്വമ്മ, ഓട്ടോറിക്ഷ ഡ്രൈവർ ഹൈദർ അലി, എന്നിവരാണ് മരിച്ചതെന്ന് കാസർഗോഡ് എസ്‌പി അറിയിച്ചു. കാൽനട യാത്രക്കാരായ ലക്ഷ്മി, സുരേന്ദ്ര എന്നിവർ ഗുരുതരാവസ്ഥയിലാണ്.
അപകടത്തിന് കാരണം കർണാടക ആർടിസിയുടെ വീഴ്ചയാണെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ നേരത്തെ ആരോപിച്ചിരുന്നു. ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും നടന്നത് കൊലപാതകമാണെന്നും എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു. ഡ്രൈവർമാർ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ട്. അപകടത്തിൽ സമഗ്ര അന്വേഷണം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.