
കണ്ണൂർ കായലോട്ടിൽ സദാചാര ഗുണ്ടായിസം നടന്നെന്ന് ജീവനൊടുക്കിയ യുവതിയുടെ സുഹൃത്ത് റഹീസിന്റെ മൊഴി. തന്നെ സംഘം ചേർന്ന് മർദിച്ചുവെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. യുവതിയുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും ഇയാള്‍ അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
പെണ്‍കുട്ടിയുടെ മരണശേഷം റഹീസിനെ കാണാതായിരുന്നു. ഇയാളുടെ ഫോണ്‍ ഓഫ് ചെയ്ത നിലയിലുമായിരുന്നു. ഇന്ന് രാവിലെ റഹീസ് പിണറായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. സദാചാര വിചാരണ നടന്നുവെന്ന് പൊലീസിന് മൊഴി നല്‍കിയ റഹീസ് ഭീഷണിപ്പെടുത്തിയ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും വ്യക്തമാക്കി. റഹീസിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് സുനീർ, സക്കറിയ എന്നിവരെ പ്രതിചേർത്തു. ഇതോടെ കേസില്‍ പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പറമ്പായി സ്വദേശിനി റസീനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര വിചാരണയിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു യുവതിയുടെ മരണക്കുറിപ്പ്. റസീനയും സുഹൃത്ത് റഹീസും സംസാരിക്കുന്നതിനിടെ മൂന്ന് പ്രതികൾ ഇവരെ ആക്രമിച്ചുവെന്നും ഇവർ ജീവിക്കാൻ അനുവദിക്കില്ലെന്ന ഭയത്താലാണ് ജീവനൊടുക്കുന്നതെന്നുമായിരുന്നു കുറിപ്പില്‍. പറമ്പായി സ്വദേശികളായ കെ.എ. ഫൈസൽ, റഫ്നാസ്, വി.സി. മുബഷിർ എന്നീ എസ്ഡിപിഐ പ്രവര്‍ത്തകരുടെ പേരാണ് റസീന കുറിപ്പില്‍ പരാമർശിച്ചിരുന്നത്. ഇവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ അനുകൂലിച്ചും പൊലീസിനെ തള്ളിയുമാണ്, റസീനയുടെ ഉമ്മ രംഗത്തെത്തിയത്. പ്രതികൾ കുറ്റക്കാരല്ലെന്നും പൊലീസ് വാദം തെറ്റാണെന്നുമായിരുന്നു റസീനയുടെ ഉമ്മയുടെ വാദം. നിലവിൽ പിടിയിലായവർ നിരപരാധികളാണെന്നും സ്വർണവും പണവും തട്ടിയെടുത്ത സുഹൃത്താണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് കുടുംബത്തിൻ്റെ പക്ഷം. എന്നാല്‍, എസ്‍ഡിപിഐ ഓഫീസില്‍ നടന്ന മധ്യസ്ഥ ചർച്ചകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത് സംഭവത്തില്‍ സംഘടന ഇടപെട്ടതിന് തെളിവായി.