ആലപ്പുഴ: സംസ്ഥാനത്ത് ക്ലാസ് മുറികൾ എല്ലാം ഹൈടെക്ക് ആകുമ്പോൾ കായംകുളം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സാഹചര്യം മറിച്ചാണ്. ക്ലാസ് മുറികൾ ജീർണിച്ച് തകർന്നുവീഴാറായതോടെ, തുറസ്സായ സ്ഥലത്തിരുന്നാണ് ഇപ്പോൾ വിദ്യാർഥികളുടെ പഠനം.
ചിലപ്പോൾ ഓഡിറ്റോറിയത്തിൽ മറ്റ് ചിലപ്പോൾ സ്കൂളിലെ തുറസായ സ്ഥലത്ത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിദ്യാർഥികളുടെ ക്ലാസ് മുറികൾ ഇങ്ങനെയൊക്കെയാണ്. താഴെവീഴാറായ ക്ലാസ് മുറികളിൽ നിന്ന് പഠനം മാറ്റുക എന്നതല്ലാതെ അധ്യാപകർക്കും വേറെ വഴിയില്ല. ക്ലാസ് മുറിയുടെ മേൽക്കൂര കോൺക്രീറ്റ് പാളി ഇളകി വീണതിന് പിന്നാലെ സ്കൂൾ കെട്ടിടം പ്രവർത്തനയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചെങ്കിലും നിർമാണ പ്രവർത്തങ്ങൾ ഇഴഞ്ഞു നീങ്ങുന്നു എന്നാണ് ആരോപണം. കഴിഞ്ഞ ദിവസം യൂത്ത് കോണ്ഗ്രസ് സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ തനത് ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം നടക്കുന്നത്. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.