"പത്തനാപുരത്തും യുഡിഎഫ്-ബിജെപി ഡീൽ"; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ

മുൻകാല തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിങ്ങിൻ്റെ കണക്ക് പങ്കുവച്ചാണ് കെ.ബി. ഗണേഷ് കുമാറിൻ്റെ ആരോപണം.
KB Ganesh Kumar
കെ.ബി. ഗണേഷ് കുമാർ Source: Facebook
Published on
Updated on

കൊല്ലം: പത്തനാപുരത്ത് യുഡിഎഫ്-ബിജെപി ഡീൽ നടന്നെന്ന് കെ.ബി. ഗണേഷ് കുമാർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗണേഷ് ആരോപണം ഉന്നയിച്ചത്. മുൻകാല തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിങ്ങിൻ്റെ കണക്ക് പങ്കുവച്ചാണ് ഗണേഷ് കുമാറിൻ്റെ ആരോപണം.

ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനർഥിക്ക് മറിച്ചുനൽകി. ഡീലിൻ്റെ ഭാഗമായാണ് ട്വൻ്റി ട്വൻ്റി പത്തനാപുരത്ത് മൽസരിച്ചത്. ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫാണ്. മൂന്ന് സ്ഥലത്തും കോൺഗ്രസിന് മൂന്നാം സ്ഥാനത്താണ് ഉള്ളതെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ 8310 വോട്ടുകൾക്കായിരുന്നു യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല കെ.ബി. ഗണേഷ് കുമാറിനെ പരാജയപ്പെടുത്തിയത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ

.................................

2016 ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700.

2021 ൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ച വോട്ട് 12,398.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്.ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം. അതും ബിജെപിക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻ്റി ട്വൻ്റി പാർട്ടിയും.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻഡിഎ മുന്നണി ഇല്ലായിരുന്നു. യുഡിഎഫ് -ബിജെപി ഡീലിൻ്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫിന് എതിരെ പ്രവർത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തിൽ ട്വൻ്റി ട്വൻ്റിക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു.

സംസ്ഥാനത്തിൻ്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു. പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ് ആണ്. വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിക്ക് ജയിക്കാൻ കഴിഞ്ഞത്. മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെൻ്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസിനു ലഭിച്ചില്ല.

News Malayalam 24x7
newsmalayalam.com