കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ നടപടിയെ സംബന്ധിച്ച് സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുൽ വിഷയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കും. രണ്ടാം പരാതി ലഭിച്ചിട്ട് 24 മണിക്കൂർ ആവുന്നേയുള്ളൂ. എല്ലാം കൃത്യമായി പരിശോധിക്കും. മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിനെ അനുകൂലിക്കുന്നില്ലെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
എന്തുകൊണ്ടാണ് ശബരിമല സ്വർണക്കൊള്ള ചർച്ചയാകാത്തതെന്നും വേണുഗോപാൽ ചോദിച്ചു. പിഎം ശ്രീ വിവാദത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജ്യസഭയിലെ വെളിപ്പെടുത്തൽ കേരളത്തിൽ ചർച്ചയായില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. പിഎം ശ്രീ ഒപ്പുവയ്ക്കാൻ ഇടനില നിന്നത് കേരളത്തിൽ നിന്നുള്ള സിപിഐഎമ്മിന്റെ രാജ്യസഭാ എംപിയാണ്. സിപിഐയുടെ ഇക്കാര്യത്തിലുള്ള നിലപാട് എന്തെന്ന് ബിനോയ് വിശ്വം വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.