"ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണം"; കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെ.സി. വേണുഗോപാൽ

നിലവിലെ തിരച്ചിലിന്റെ പുരോഗതിയും ഇതുവരെ സ്വീകരിച്ച നടപടികളും അദ്ദേഹം ചോദിച്ചറിഞ്ഞു
"ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണം"; കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെ.സി. വേണുഗോപാൽ
Published on
Updated on

തിരുവനന്തപുരം: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. നിലവിലെ തിരച്ചിലിന്റെ പുരോഗതിയും ഇതുവരെ സ്വീകരിച്ച നടപടികളും അദ്ദേഹം ചോദിച്ചറിഞ്ഞു.

തിരച്ചിലിന് അത്യാധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും കെ.സി. വേണുഗോപാൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കർണാടക വനംമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി സംസാരിച്ച അദ്ദേഹം തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാനും ആവശ്യപ്പെട്ടു. ശരണ്യയുടെ പിതാവുമായും കെ.സി. വേണുഗോപാൽ സംസാരിച്ചു. മകളെ കണ്ടെത്താൻ ആവശ്യമായ എല്ലാ നടപടികളും കർണാടക സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

"ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണം"; കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെ.സി. വേണുഗോപാൽ
"ശരണ്യയെ കണ്ടെത്താൻ ഇടപെടണം"; സിദ്ധരാമയ്യക്ക് കത്തയച്ച് പിണറായി വിജയൻ

ശരണ്യയെ കണ്ടെത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തെ പിണറായി വിജയനും സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. ശരണ്യയെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നാലാം ദിനവും തുടരുകയാണ്. ദുർഘടമായ വനമേഖലയായതിനാൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ച് തിരച്ചിൽ ദ്രുതഗതിയിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർണാടക സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണ് ശരണ്യ വ്യാഴാഴ്ച കുടകിൽ എത്തിയത്. ട്രക്കിങ്ങിനിടെ വഴി തെറ്റിയെന്നറിയിച്ചു ശരണ്യയുടെ സന്ദേശം ഉച്ചയ്ക്ക് രണ്ടിന് ലഭിച്ചതായി ഹോം സ്‌റ്റേ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടനെ കർണാടക വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ട്രെക്കിങ്ങ് റൂട്ടിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുകടന്നതായി കണ്ടെത്താനായില്ല. നിലവിൽ ശരണ്യയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ആണ്.

മേഖലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു മിസിംഗ് കേസ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തെരച്ചിൽ നടത്തുന്നത്. നക്സൽ വിരുദ്ധ സേനയും സംഘത്തിനൊപ്പമുണ്ട്. അഞ്ച് സംഘങ്ങളായി തിരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. ശരണ്യയുടെ സഹോദരനും സഹപ്രവർത്തകരും കുടകിലെത്തിയിട്ടുണ്ട്. ചെങ്കുത്തായ പ്രദേശമായതും വന്യ ജീവികൾ ഇറങ്ങുന്ന സ്ഥലമായതുമാണ് തെരച്ചിലിന് വെല്ലുവിളിയാകുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com