തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിലെ കോൺഗ്രസ് നേതാവ് കെ.മുരളീധരന്റെ അതൃപ്തി പരിഹരിക്കാൻ ഇടപെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മുരളീധരന്റെ നോമിനികളായ മര്യാപുരം ശ്രീകുമാറിനും കെ. എം. ഹാരിസിനും പദവി നൽകുമെന്ന് ഉറപ്പ് കൊടുത്തിരിക്കുകയാണ് കെ.സി.വേണുഗോപാൽ. ഇരുവരെയും ജനറൽ സെക്രട്ടറിമാരാക്കും. കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനത്തിൽ മുതിർന്ന നേതാക്കളുടെ പട്ടിക പൂർണമായും പരിഗണിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ കെ. മുരളീധരന്‍ മാറിനില്‍ക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് മുരളീധരനെ അനുനയിപ്പിക്കാന്‍ കെ.സി. വേണുഗോപാല്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്. നോമിനേറ്റ് ചെയ്തവരെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കെ. മുരളീധരൻ വിശ്വാസ സംരക്ഷണ യാത്രയടക്കം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചത്. 58 ജനറൽ സെക്രട്ടറിമാരേയും, 13 വൈസ് പ്രസിഡൻ്റുമാരേയുമാണ് പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ സന്ദീപ് വാര്യരും, വൈസ് പ്രസിഡൻ്റുമാരുടെ പട്ടികയിൽ പാലോട് രവിയും ഇടംനേടിയിരുന്നു. നേരത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടത്. 9 വനിതാ അംഗങ്ങൾ ആണ് ജനറൽ സെക്രട്ടറി പട്ടികയിൽ ഉള്ളത്. ഒരു വനിതയെ കൂടി ഉൾപ്പെടുത്തി 13 അംഗ വൈസ് പ്രസിഡണ്ട് മാരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.