
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങളിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ച ചെയ്തു. മുഖ്യമന്ത്രി ഉൾപ്പെടെ 15 പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടിയന്തരാവസ്ഥക്കാലത്തെ നിയമസഭാ പ്രസംഗം ഓർമിപ്പിച്ചാണ് റോജി എം. ജോൺ ചർച്ച ആരംഭിച്ചത്. അതേ പിണറായി കേരളത്തിൻ്റെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ പൊലീസ് സുജിത്ത് എന്ന ചെറുപ്പക്കാരനെ മൃഗീയമായി തല്ലിച്ചതച്ചു. രാജഭരണകാലത്തെ ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത രാജാവിൻ്റെ പടയാളികളാണ് പൊലീസ് എന്നും റോജി എം. ജോൺ പറഞ്ഞു.
"സിസിടിവി പതിയാത്ത ഭാഗത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. വെള്ളം ചോദിച്ചപ്പോൾ കൊടുക്കാൻ തയ്യാറായില്ല. ഇതെല്ലാം പോരാഞ്ഞ് കള്ളക്കേസുണ്ടാക്കി ജയിലിൽ അടച്ചു. സുജിത്തിന്റെ നിയമ പോരാട്ടം കൊണ്ടും നീതിബോധമുള്ള ഒരു ന്യായാധിപൻ കേസെടുക്കാൻ പറഞ്ഞതുകൊണ്ട് ആണ് ഈ വിവരം പുറത്തുവന്നത്. സസ്പെൻഡ് ചെയ്ത് മാതൃക കാണിച്ചു എന്ന് ദയവുചെയ്ത് പറയരുത്. ക്രൂര വീഡിയോ പുറംലോകം കണ്ടതിൻ്റെ ജാള്യത മറയ്ക്കാനാണ് സസ്പെൻഷൻ. സെക്രട്ടേറിയറ്റിൻ്റെ ഒന്നാം നിലയിൽ നിന്ന് രണ്ടാം നിലയിലേക്ക് ട്രാൻസ്ഫർ ചെയ്തു എന്ന് പറയുന്നതുപോലുള്ള നടപടിയായിരുന്നു ആ സസ്പെൻഷൻ", റോജി എം. ജോൺ.
കുന്നംകുളത്തെ പൊലീസുകാർ കേരള പൊലീസ് സേനക്ക് അപമാനമാണെന്നും റോജി എം. ജോൺ പറഞ്ഞു. കേരള പൊലീസിൽ തുടരാൻ യോഗ്യരല്ലാത്ത ഈ ഉദ്യോഗസ്ഥരെ പൊലീസ് സേനയിൽ നിന്ന് നീക്കം ചെയ്യണം. ദൃശ്യങ്ങൾ പുറത്തേക്ക് പോകാതിരിക്കാനുള്ള എല്ലാ ശ്രമവും പോലീസുകാർ നടത്തി. 20 ലക്ഷം രൂപ കൊടുത്ത് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രി പറഞ്ഞ ജനകീയ സേന സിസിടിവിക്ക് മുമ്പിൽ കാശ് എണ്ണി വാങ്ങിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും റോജി എം. ജോൺ. കുണ്ടറയിലെ സൈനികൻ്റെ മരണത്തിൽ സിസിടിവി ദൃശ്യം അമ്മയ്ക്ക് നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകണമെന്നും റോജി ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറിക്ക് മർദനം ഏൽക്കുന്നുണ്ടെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും ചോദ്യം.
പേരൂർക്കടയിൽ ബിന്ദു എന്ന ദളിത് യുവതി 20 മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിൽക്കേണ്ടിവന്നു. ശുചിമുറിയിലെ ബക്കറ്റിൽ നിന്ന് വെള്ളം കുടിക്കാനാണ് കേരളാ പൊലീസ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ മൗനമാണ് എല്ലാത്തിനും അടിസ്ഥാനം. നിരവധി പരാതികൾ ഉയർന്നിട്ടും രണ്ട് കേസുകളിൽ മാത്രമാണ് അന്വേഷണം നടക്കുന്നത്. കുറ്റം ചെയ്യാത്തവരെ കുറ്റക്കാർ ആക്കുകയാണ് പൊലീസ്. യൂണിഫോം ദേഹത്തു കയറിയാൽ കറണ്ട് അടിച്ചതുപോലെയാണ് പൊലീസുകാർ എന്നും പരിഹാസം. എല്ലാം പഴയ കഥയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പൊലീസിനെ സംരക്ഷിക്കുന്നു. പൊലീസിൻ്റെ അധഃപതനത്തിന് കാരണം മുഖ്യമന്ത്രിയാണ്. ആഭ്യന്തരവകുപ്പിന്റെ കടിഞ്ഞാൻ ഇനിയെങ്കിലും മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും റോജി എം. ജോൺ പറഞ്ഞു.