Poll Lab | സ്വതന്ത്രര്‍ കരുത്തു കാട്ടിയ 1957; എതിരില്ലാതെ സഭയിലെത്തിയ ഉമേഷ് റാവു

126 സീറ്റുകളിലേക്ക് 550 പേരാണ് നോമിനേഷന്‍ നല്‍കിയത്. 144 പേരുടെ പത്രിക തള്ളിയതോടെ മത്സരാര്‍ഥികളുടെ എണ്ണം 406 ആയി.
Poll Lab | സ്വതന്ത്രര്‍ കരുത്തു കാട്ടിയ 1957; എതിരില്ലാതെ സഭയിലെത്തിയ ഉമേഷ് റാവു
Published on
Updated on

1956 നവംബര്‍ ഒന്നിനാണ് ഐക്യകേരളം നിലവില്‍വന്നത്. തിരുക്കൊച്ചി രാജപ്രമുഖനായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ അധികാരമൊഴിയുകയും, പി.എസ്. റാവു ആക്ടിങ് ഗവര്‍ണറായി നിയമിക്കപ്പെടുകയും ചെയ്തു. 1956 നവംബർ 22ന് ഡോ. ബി. രാമകൃഷ്‌ണറാവുവിനെ ഗവർണറായി നിയമിച്ചു. രൂപീകരണവേളയില്‍ മന്ത്രിസഭയും നിയമസഭയും ഇല്ലാതിരുന്ന ഏക സംസ്ഥാനം കേരളമായിരുന്നു. തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിളളി ഗോവിന്ദമേനോന്‍ 1956 മാർച്ച് 23ന് സ്ഥാനമൊഴിഞ്ഞിരുന്നു. അന്നു മുതല്‍ കേരളപ്പിറവിക്കു തലേന്നുവരെ തിരുക്കൊച്ചി രാഷ്‌ട്രപതി ഭരണത്തിന്റെ കീഴിലായിരുന്നു. കേരളം രൂപീകരിച്ചപ്പോൾ രാഷ്‌ട്രപതി ഭരണം നീട്ടി.

കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് 1957വരെ കാത്തിരിക്കേണ്ടിവന്നു. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെയായിരുന്നു തെരഞ്ഞെടുപ്പ്. ആകെ 114 മണ്ഡലങ്ങള്‍. ചിലമണ്ഡലങ്ങളില്‍ രണ്ട് സീറ്റുകളുണ്ടായിരുന്നു. അങ്ങനെ 102 ജനറല്‍ സീറ്റും, 12 പട്ടികജാതി സംവരണവും ഉള്‍പ്പെടെ 126 സീറ്റുകളിലേക്ക് 550 പേരാണ് നോമിനേഷന്‍ നല്‍കിയത്. 144 പേരുടെ പത്രിക തള്ളിയതോടെ മത്സരാര്‍ഥികളുടെ എണ്ണം 406 ആയി. 75,14,629 വോട്ടര്‍മാര്‍. അതില്‍ 58,37,577 പേര്‍ വോട്ട് ചെയ്തു. പോളിങ് ശതമാനം 65.49.

101 സീറ്റുകളില്‍ മത്സരിച്ച് 60 ഇടത്ത് ജയിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 40.57 ശതമാനം വോട്ടുകളാണ് സിപിഐ നേടിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 124 സീറ്റില്‍ മത്സരിച്ച് 43 സീറ്റുകള്‍ സ്വന്തമാക്കി. 38.10 ആയിരുന്നു വോട്ടു ശതമാനം. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി ഒമ്പത്, സ്വതന്ത്രര്‍ 14, ആര്‍എസ്‍പി പൂജ്യം എന്നിങ്ങനെയായിരുന്നു സീറ്റു നില.

എം. ഉമേഷ് റാവു
എം. ഉമേഷ് റാവു

ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 105 സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവച്ച കാശ് നഷ്ടമായത്. സ്വതന്ത്രരായിരുന്നു മുന്നില്‍. 41 പേര്‍. ആര്‍എസ്‌പി 24, പിഎസ്‌പി 31, കോണ്‍ഗ്രസ് അഞ്ച്, സിപിഐ നാല് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്. കാര്യം ഇതൊക്കെയാണെങ്കിലും സ്വതന്ത്രരുടെ പിന്തുണയിലാണ് ആദ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എതിരില്ലാതെ ഒരംഗം സഭയിലെത്തിയതിനും ആദ്യ തെരഞ്ഞെടുപ്പ് സാക്ഷിയായി. മഞ്ചേശ്വരത്തുനിന്ന് സഭയിലെത്തിയ എം. ഉമേഷ് റാവുവിനാണ് ആ റെക്കോഡ്. സ്വതന്ത്രനായാണ് ഉമേഷ് റാവു മത്സരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com