എറണാകുളം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത് സ്വാഗതാർഹമെന്ന് കേരള കത്തോലിക്കാ സമിതി. റിപ്പോർട്ട് അംഗീകരിച്ചതും അധ്യാപക നിയമനത്തിലെ അപാകതകൾ പരിഹരിച്ചതും രാഷ്ട്രീയ ലക്ഷ്യമായി കാണേണ്ടതില്ല. രാഷ്‌ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെ ജനങ്ങൾക്ക് ആർക്ക് വോട്ട് ചെയ്യണമെന്ന് കൃത്യമായി അറിയാമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും, വക്താവുമായ ഫാ. തോമസ് തറയിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സർക്കാരുകൾ എപ്പോഴും തുടർച്ചയായ വരുന്ന ഒന്നാണ്. ഒരു സർക്കാർ ചെയ്യുന്നത് അവിടം കൊണ്ട് തീരുന്നതല്ല. അടുത്തത് ആര് അധികാരത്തിൽ വന്നാലും, ആ സർക്കാരും തുടരേണ്ട ഒന്നാണ്. സഭ ആവശ്യപ്പെടുന്ന കാര്യങ്ങളിൽ തീരുമാനമുണ്ടാകുന്നത് സന്തോഷകരമായ കാര്യമാണ്. എടുത്ത തീരുമാനങ്ങളൊക്കെ കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു എന്നും ഫാ. തോമസ് തറയിൽ വ്യക്തമാക്കി.
അതേസമയം, സീറോ മലബാർ സഭയ്ക്ക് ഈ വിഷയത്തിൽ അത്ര ആവേശമില്ല. റിപ്പോർട്ട് അംഗീകരിച്ചതിനെ സഭ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ അവസാന സമയത്ത് ഇത്തരത്തിലുള്ള നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എന്ന സംശയം സീറോ മലബാർ സഭയ്ക്കുണ്ട്. ഇതിനൊപ്പം ക്രൈസ്തവ വിഭാഗത്തിന് മൈക്രോമൈനോറ്റി പദവി ബിജെപി സർക്കാർ നൽകുമെന്ന് പ്രതീക്ഷയിലാണ് സീറോ മലബാർ സഭയുള്ളത്. അതിനാൽ തന്നെ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം ആവശ്യമില്ല എന്നതാണ് സഭയുടെ പൊതുനിലപാട്.