

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം അതിശക്തമായ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ കാലവർഷം മേയ് 26ഓടെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ അറബിക്കടലിൻ്റെ കൂടുതൽ ഭാഗങ്ങളിലേക്കും, കന്യാകുമാരി പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിലേക്കും കൂടി വ്യാപിച്ചു. കൂടാതെ തെക്കു പടിഞ്ഞാറൻ - തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൻ്റെ കൂടുതൽ ഭാഗങ്ങളിലും, ആൻഡമാൻ കടലിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിനാൽ കേരളത്തിൽ കാലവർഷം നേരത്തേ എത്തുമെന്നാണ് വിവരം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.