കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരൺ വിജയന് ഇഡി സമൻസ് അയച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ. ഇപ്പോൾ മകനും പെട്ടു, മോനും മോളും അച്ഛനും ചേർന്ന തിരുട്ട് ഫാമിലിയാണ് അവർ എന്നാണ് അബിന്‍ വര്‍ക്കി ഫേസ്ബുക്കിൽ കുറിച്ചത്. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ആണ് പൊലീസിനെ കൊണ്ട് അക്രമം അഴിച്ചുവിട്ടത്. അമിത് ഷായെ കണ്ട് കാലിൽ വീണത്. ബിജെപി ക്ക് മുന്നിൽ ഒരു പാർട്ടി സർവ്വതും അടിയറവ് വച്ച് നിൽക്കുകയാണ് എന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
ലൈഫ് മിഷന്‍ വിവാദത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് പിണറായി വിജയൻ്റെ മകന്‍ വിവേക് കിരണിന് ഇഡി സമൻസ് അയച്ചത്. 2023ൽ സമൻസ് അയച്ചെങ്കിലും വിവേക് ഹാജരായില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചത്. പിന്നീട് തുടർനടപടികളൊന്നും ഉണ്ടായില്ലെന്നും റിപ്പോർട്ടുണ്ട്.
2023 ഫെബ്രുവരി 14-ന് രാവിലെ 10.30-ന് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് അയച്ചത്. ഇഡിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നത്. മുഖ്യമന്ത്രിയോ അദ്ദേഹത്തിൻ്റെ ഓഫീസോ ഇതുസംബന്ധിച്ച കാര്യങ്ങളിലൊന്നും സ്ഥിരീകരിച്ചിട്ടില്ല.
വാർത്ത വന്നതിന് പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പണ്ടേ പറഞ്ഞതാണ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ മകന് അയച്ച കത്ത് ആവി ആയിപ്പോയോയെന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്. എല്ലാം ബിജെപി-സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടി ഫലമാണ്. ഇപ്പോഴും അവിശുദ്ധ കൂട്ടുകെട്ട് തുടരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഇഡി നോട്ടീസ് അയച്ചെന്ന വാർത്ത കേട്ടു, എന്നാൽ നോട്ടീസിന് എന്ത് സംഭവിച്ചു എന്നറിയില്ല എന്നാണ് കെ.മുരളീധരൻ പറഞ്ഞത്. പിണറായി എൻഡിഎയുടെ മുഖ്യമന്ത്രി ആണോയെന്നും ഇതിനൊക്കെ ജനം മറുപടി നൽകുമെന്നും മുരളീധരൻ വ്യക്തമാക്കി.
മകന് നോട്ടീസ് അയച്ച കാര്യം മുഖ്യമന്ത്രി പൂഴ്ത്തിവച്ചെന്ന് കെ. സി. വേണുഗോപാൽ പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമാണെങ്കിൽ 2023 ൽ എന്തുകൊണ്ട് പ്രതികരിച്ചില്ല. പ്രോട്ടോകോൾ ലംഘിച്ച് കേരള ഹൗസിൽ പ്രഭാത ഭക്ഷണം കഴിക്കുന്നു. ഉദ്യോഗസ്ഥരെ ഒഴിവാക്കി മന്ത്രിമാരുടെ വസതിയിൽ കയറിയിറങ്ങുന്നു. ഡെന്മാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു എന്നാണ് തോന്നുന്നത് എന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.