തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കേരള കോണ്‍ഗ്രസ് (എം). രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടേതായ പാര്‍ട്ടി യോഗങ്ങള്‍ ചേരും. അതിന് ശേഷം വിശദമായ കാര്യങ്ങള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ചയാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ വീഴ്ച പരിശോധിച്ച് മുന്നോട്ട് പോകും. ഒറ്റക്കെട്ടായാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ വ്യക്തികളെയോ പറയേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
പാര്‍ട്ടി പിളര്‍ന്നപ്പോഴും പല തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ക്ഷണം തള്ളുകയും ചെയ്തു. തങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
'പ്രതിസന്ധിഘട്ടത്തില്‍ ഞങ്ങളും ജോസഫ് വിഭാഗത്തെ ക്ഷണിച്ചിരുന്നു. ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് കരുതിയാണ് ഇപ്പോള്‍ ക്ഷണിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അണികള്‍ അവിടെത്തന്നെയുണ്ട്. പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സാധാരണക്കാരായ ജനങ്ങളുടെ തീരുമാനമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്,' ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിന് ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കോഡിനേറ്ററും നിയുക്ത എംഎല്‍എയുമായ അപു ജോണ്‍ ജോസഫ് പറഞ്ഞിരുന്നു. തൊടുപുഴയില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കവെയായിരുന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ക്ഷണിച്ചത്.
മുമ്പ് ഒന്നായിരുന്നവരാണ് കേരള കോണ്‍ഗ്രസുകാര്‍. ഞങ്ങളെല്ലാം ഏകോദരസഹോദരങ്ങളാണ്. അവര്‍ക്ക് മടങ്ങിവരാന്‍ തെറ്റ് ഏറ്റു പറയേണ്ടതില്ല. ഒരു മേശയ്ക്ക് അപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമേ കേരള കോണ്‍ഗ്രസില്‍ ഉള്ളൂ എന്നും അപു ജോണ്‍ ജോസഫ് പറഞ്ഞിരുന്നു. അവര്‍ തിരിച്ചു വരണമെന്നും കേരള കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും ഐക്യ കേരള കോണ്‍ഗ്രസ് ആണ് എല്ലാവരും സ്വപ്‌നം കാണുന്നതെന്നും അപു പറഞ്ഞു.