അമിത ഭാരമുള്ള ബാഗുകൾ കടക്ക് പുറത്ത്! സ്കൂൾ ബാഗിൻ്റെ ഭാരം നിജപ്പെടുത്താൻ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ലക്ഷ്യം...
അമിത ഭാരമുള്ള ബാഗുകൾ കടക്ക് പുറത്ത്! സ്കൂൾ ബാഗിൻ്റെ ഭാരം നിജപ്പെടുത്താൻ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്
Source: Screengrab
Published on
Updated on

തിരുവനന്തപുരം: സ്കൂൾ ബാഗിന്റെ ഭാരവും കുറക്കാനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. വലിപ്പമുള്ള ബാഗുകൾ ഒഴിവാക്കണമെന്നത് മുതൽ ടൈം ടേബിൾ പുനഃക്രമീകരണം വരെയുള്ള ശുപാർശകളാണ് എസ്‌സിഇആർടി തയ്യാറാക്കിയ കരട് റിപ്പോർട്ടിലുള്ളത്. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ലക്ഷ്യം.

ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ലാസ് മുറികൾക്കൊപ്പം അമിത ഭാരമുള്ള ബാഗുകളോടും കടക്ക് പുറത്തെന്ന് പറയുകയാണ് വിദ്യാഭ്യാസ വകുപ്പ്. എസ്‌സിഇആർടി തയ്യാറാക്കിയ കരട് റിപ്പോർട്ട് പ്രകാരം വിദ്യാർഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം ശരീരഭാരത്തിൻ്റെ 10 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. 15 ശതമാനത്തിന് മുകളിൽ ഭാരം എത്തുന്നത് അപകടകരമാണെന്നാണ് കണ്ടെത്തൽ. സർവ്വേ നടത്തിയ വിദ്യാർഥികളിൽ 27.12 ശതമാനം, ഭാരക്കൂടുതൽ മൂലം സ്കൂളിൽ പോകാൻ മടുപ്പ് തോന്നാറുണ്ട് എന്ന് വ്യക്തമാക്കി.

സ്കൂൾ ബാഗിന്റെ ഭാരം മൂലം വിദ്യാർഥികൾക്ക് ഉണ്ടാകുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങൾക്ക് തടയിടാനാണ് പുതിയ മാറ്റത്തിലൂടെ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. വലിപ്പം കൂടിയ ബാഗുകൾ പൂർണമായും ഒഴിവാക്കുക. മൃദുവായ സാമഗ്രികൾ കൊണ്ട് നിർമിച്ച ചെറിയ ബാഗുകൾ ശീലമാക്കണം. സ്കൂൾ ബാഗുകളിൽ ചെസ്റ്റ് സ്ട്രാപ്പ്, അരപ്പട്ട, പാഡിങ് തുടങ്ങിയവ നിർബന്ധമായും ഉറപ്പുവരുത്തണം. അനിവാര്യമായ വസ്തുക്കൾ മാത്രമേ ബാഗിനുള്ളിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. എല്ലാ സ്കൂളുകളിലും ഓരോ മാസവും ഒരു പ്രത്യേക ദിവസം ബാഗിന്റെ ഭാരം നിർബന്ധമായും അളക്കണം. ഇതിനായി ഓരോ ക്ലാസിലും ബാഗ് വെയിറ്റ് രജിസ്റ്റർ സൂക്ഷിക്കണം. മാസത്തിൽ ചില ദിവസങ്ങൾ ബാഗില്ലാ ദിവസങ്ങളായി പ്രഖ്യാപിക്കണമെന്നും എസ്‌സിഇആർടി ആവശ്യപ്പെടുന്നു.

അമിത ഭാരമുള്ള ബാഗുകൾ കടക്ക് പുറത്ത്! സ്കൂൾ ബാഗിൻ്റെ ഭാരം നിജപ്പെടുത്താൻ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്
''ബെഞ്ചുകളും ഡെസ്കുകളും ഒഴിവാക്കും, വിഷയത്തിനനുസരിച്ച് ഇരിപ്പിട ക്രമീകരണം''; ക്ലാസ് മുറികളിൽ സമഗ്ര മാറ്റത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

ഒരു ദിവസം പരമാവധി മൂന്നോ നാലോ പ്രധാന വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ടൈംടേബിൾ ക്രമീകരിക്കണം. ഉപയോഗിക്കാത്ത പുസ്തകങ്ങൾ കൊണ്ടുവരുന്നത് കർശനമായി ഒഴിവാക്കണം. സംയോജിത നോട്ടുബുക്കുകളെ പ്രോത്സാഹിപ്പിക്കണം. ഹോംവർക്ക് പുസ്തകങ്ങൾക്ക് പകരം വർക്ക് ഷീറ്റുകൾ നൽകണം. ഒരു ദിവസം ആവശ്യമായ പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് തലേദിവസം തന്നെ അധ്യാപകർ വ്യക്തമായ നിർദ്ദേശം നൽകണം. പഠന, പഠനേതര സാമഗ്രികൾ സൂക്ഷിക്കുന്നതിന് വിദ്യാർഥികൾക്കായി സ്കൂളുകളിൽ വ്യക്തിഗത ലോക്കറുകൾ ഏർപ്പെടുത്തണം. ഡിജിറ്റൽ പഠന സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. ഉച്ചഭക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് സ്കൂളിലെ സൗകര്യം വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം. ഉപയോഗിക്കുന്ന ഭക്ഷണപാത്രത്തിൻ്റെ ഭാരത്തിലും ശ്രദ്ധ വേണം. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വിദ്യാർഥികൾക്ക് വേണ്ടി അടിയന്തര പരിഹാര നടപടികൾ അധികൃതർ സ്വീകരിക്കണം.

അതേസമയം ബാഗ് ഭാരം കുറയ്ക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. സ്കൂളുകളിൽ ശുദ്ധജല വിതരണ സംവിധാനങ്ങൾ, ആവശ്യത്തിന് ലോക്കറുകൾ എന്നിവ സ്ഥാപിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സാമ്പത്തിക സഹായം നൽകണം. നിലവിലുള്ള ഉച്ച ഭക്ഷണ സംവിധാനം ഹയർസെക്കൻഡറി തലം വരെ വ്യാപിപ്പിക്കണം. എസ്‌സിഇആർടി തയ്യാറാക്കിയ മാർഗരേഖയുടെ ഫലപ്രദമായ നടപ്പാക്കലിന് ഉന്നതാധികാര സമിതിക്ക് രൂപം നൽകണം. ഓരോ അധ്യായന വർഷത്തിൻ്റെയും അവസാനം മാർഗരേഖയുടെ നടപ്പാക്കൽ വിലയിരുത്തി, പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് ഭേദഗതികൾ വരുത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com