പത്തനംതിട്ട: വീടും സ്ഥലവും ഇല്ലാത്തവരുടെ പുനരധിവാസത്തിനായി പത്തനംതിട്ട ഏനാത്ത് ലൈഫ് പദ്ധതിയിൽ ഒരുക്കുന്ന ഫ്ലാറ്റ് നിർമ്മാണം മുടങ്ങിയിട്ട് വർഷങ്ങളാകുന്നു. സർക്കാർ നൽകിയ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന അറുപതോളം കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിൽ ആയത്. ഏഴംകുളം പഞ്ചായത്തിന് കീഴിലെ 95 സെന്റ് സ്ഥലം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.
2020 സെപ്റ്റംബർ 24നായിരുന്നു പത്തനംതിട്ട എനാത്തെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം. ഏഴര കോടിയോളം രൂപ ചിലവിൽ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ ഉൾപ്പെടുന്നതായിരുന്നു പ്ലാൻ. അതിൽ ഒന്നിന്റെ സ്ട്രക്ചർ മാത്രം പൂർത്തിയായി. മറ്റൊന്ന് അടിത്തറയിൽ ഒതുങ്ങി. ഇടയ്ക്ക് നിലച്ചുപോയ നിർമാണ പ്രവർത്തനങ്ങൾ പിന്നീട് ഇതുവരെ തുടങ്ങിയിട്ടില്ല. പ്രദേശം കാടുകയറി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറി.
ഏഴംകുളം പഞ്ചായത്തിലെ ഭൂരഹിതരായ 54 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായിരുന്നു ലൈഫ് പദ്ധതിയിൽ ഫ്ലാറ്റ് നിർമാണം ആരംഭിച്ചത്. പഞ്ചായത്തിന് കീഴിലെ 95 സെന്റ് വരുന്ന ഭൂമി ഇതിനായി കണ്ടെത്തി. ലൈറ്റ് വെയിറ്റ് സ്റ്റീൽ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയിലാണ് നിർമാണം. അഹമ്മദാബാദിൽ നിന്നുള്ള കമ്പനിക്കായിരുന്നു കരാർ.
കോവിഡ് കാലത്തിനുശേഷം നിർമാണ സാമഗ്രികളുടെ വില കൂടിയതിനാൽ കരാർതുക പുതുക്കി നിശ്ചയിക്കണമെന്ന് കരാറുകാർ ആവശ്യം ഉന്നയിച്ചുവെന്നും പുതിയ ഗവൺമെന്റ് വരുന്ന പക്ഷം ആവശ്യമായ ഇടപെടൽ പദ്ധതി പൂർത്തീകരണത്തിനായി നടത്തുമെന്നും ഏഴംകുളം പഞ്ചായത്ത് മുൻ ഭരണസമിതി പ്രസിഡന്റ് വിജു രാധാകൃഷ്ണൻ പറഞ്ഞു.