

കാസർഗോഡ്: നവംബർ ആയിട്ടും അധ്യാപക കൈപുസ്തകം പോലും ലഭിക്കാതെ കാസർഗോഡ് ജില്ലയിലെ കന്നട ഭാഷാ അധ്യാപകർ. ഭാഷാ ന്യൂനപക്ഷ അധ്യാപകർക്ക് സർവശിക്ഷാ കേരളയുടെ നേതൃത്വത്തിൽ, മതിയായ അധ്യാപന പരിശീലനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. മഞ്ചേശ്വരം, കാസർഗോഡ് തുടങ്ങിയ ഭാഷാ ന്യൂനപക്ഷ ഉപജില്ലകളിൽ കന്നട ഭാഷ പ്രാവീണ്യമുള്ളവര ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർമാരാക്കാത്തത്, അധ്യാപക പരിശീലനങ്ങളെ ബാധിക്കുന്നുവെന്നാണ് ആക്ഷേപം.
സപ്തഭാഷ സംഗമഭൂമിയാണ് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ജില്ല. മലയാളത്തിനു പുറമേ കന്നട മീഡിയത്തിലും കൂടിയാണ് ജില്ലയിലെ 192 സ്കൂളുകളിൽ അധ്യയനം നടക്കുന്നത്. മലയാളത്തിനു പുറമേ ഭാഷ ന്യൂനപക്ഷ വിഭാഗത്തിൽ 1600 ലധികം കന്നട അധ്യാപകരുണ്ട് കാസറഗോഡ് ജില്ലയിൽ. ഭാഷാ അധ്യാപകർക്ക് ഉൾപ്പെടെ മറ്റിടങ്ങളിൽ സമഗ്ര ശിക്ഷ കേരളത്തിൻ്റെ നേതൃത്വത്തിൽ ബിആർസികൾ കേന്ദ്രീകരിച്ച് അതാത് അധ്യയന വർഷത്തെ പഠന ക്രമീകരണങ്ങൾക്ക് പരിശീലനം നൽകാറുണ്ട്. എന്നാൽ കാസറഗോഡ് ജില്ലയിലെ കന്നഡ ഭാഷാ അധ്യാപകർക്ക് ഇത്തരം പരിശീലനം നൽകാൻ പോലും കന്നട അറിയുന്ന ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർമാർ ഇല്ലത്തത്ത് അധ്യാപക പരിശീലനത്തെ തന്നെ പ്രഹസനമാക്കി മാറ്റുന്നതായാണ് പരാതി. ക്ലാസുകളിൽ കന്നട ഭാഷാ അധ്യാപകർ ഏതൊക്കെ തരത്തിൽ കുട്ടികളെ പഠനത്തിനും പരീക്ഷകൾക്കും ഒരുക്കണമെന്നതടക്കം മതിയായ പരിശീലനം നൽകാനും നിർദേശം നൽകാനും കഴിയാറില്ല എന്നതാണ് യാഥാർത്ഥ്യം.
ഇതു കൂടാതെ അധ്യാപകർക്ക് വിദ്യാർത്ഥികൾക്ക് പഠന നിർദേശം നൽകാനും പഠനത്തെ കൂടുതൽ എളുപ്പമാക്കാനുള്ള അധ്യാപക കൈപുസ്തകം നവംബർ ആയിട്ടും അധ്യാപകർക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ മൂന്നുവർഷവും കന്നട ഭാഷാ അധ്യാപകർക്ക് ഇത്തരത്തിൽ കൈപ്പുസ്തകങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. പലതവണയായി കന്നഡ ഭാഷ അധ്യാപകർ അധ്യാപനത്തിന് മതിയായ പരിശീലന ലഭിക്കാത്തത് ചൂണ്ടി കാണികാറുണ്ടെങ്കിലും പരിഹാരം പരിഹാരം ഉണ്ടാവാറില്ല എന്നാണ് പരാതി. കന്നട ഭാഷ അധ്യാപകരുടെ കൂട്ടായ്മ BPC മാരായി കന്നട അറിയുന്നവരെ നിയമിക്കണമെന്ന ആവശ്യം പല തവണ ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയേയും നേരിട്ട് കണ്ട് കന്നട ഭാഷ അധ്യാപകരുടെ വിഷയത്തിലെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന നിരാശയാണ് ഇവർക്ക് ഇപ്പോഴും ഉള്ളത്.
മലയാളത്തിന് പുറമേ കന്നടയും, തുളുവും, ഹിന്ദിയും കൂടാതെ ബ്യാരി ഭാഷ പോലെ ലിപിയില്ലാത്ത മറ്റ് അനേകം പ്രാദേശിക ഭാഷകളും സമചേരുന്ന സാംസ്കാരിക വിദ്യാഭ്യാസ പരിസരമാണ് കാസർഗോഡ് മഞ്ചേശ്വരം താലൂക്കുകളിൽ .പലതരം ഭാഷാവൈവിധ്യങ്ങൾക്കിടയിൽ നിന്നാണ് കന്നഡ മീഡിയത്തിലുള്ള സ്കൂളുകളിൽ പഠനം നടക്കുന്നത്. കന്നട ഭാഷ അധ്യാപകർക്കുള്ള പഠന പരിശീലനത്തിന്റെ കുറവ് സ്കൂളിൻ്റെ അക്കാദമിക മികവുകളെയും ഭാവിയിൽ ഗുരുതരമായി ബാധിക്കുമെന്ന് ഇവിടുത്തെ അധ്യാപകരും രക്ഷകർത്താക്കളും ആശങ്കപെടുകയാണ്.