

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടി ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി ഉയർത്തണമെന്നും അതിനായി 150 കോടി ഉടൻ അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം എയിംസിനായി സംസ്ഥാനത്ത് 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കേരളം അറിയിച്ചു. സാധ്യതാ പഠനം പൂർത്തിയാക്കി ഉടൻ എയിംസിനായി അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് ആരോഗ്യമന്ത്രി കേരളത്തിൻറെ ആവശ്യങ്ങൾ ഉന്നയിച്ചത്. വിവിധ ആശുപത്രികളിലെ പദ്ധതികൾക്കായി കേന്ദ്രസഹായവും മന്ത്രി തേടിയിരുന്നു.
കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടിരൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യം ഇതിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ.പി.നദ്ദ ഉറപ്പ് നൽകി. എയിംസിൽ കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കുന്നുവെന്നും കേന്ദ്ര മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. നടപടികൾ പൂർത്തിയാക്കി സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.