കൊച്ചി: ശബരിമലയിലെ പടിപൂജ ബുക്കിംഗിലും ക്രമക്കേട് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ കടുത്ത നടപടി സ്വീകരിക്കുകയാണ് ഹൈക്കോടതി. പടിപൂജ ബുക്കിംഗിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ നിര്‍ദേശം നൽകി. രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്നും അടുത്ത ഒരു വര്‍ഷത്തെ പടിപൂജയുടെ ബുക്കിംഗ് പ്രസിദ്ധീകരിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം, യഥാര്‍ത്ഥ ഭക്തര്‍ മാത്രമാണ് പടിപൂജ ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം നൽകിയത്. പടിപൂജ ബുക്ക് ചെയ്തത് വ്യാജ മേല്‍വിലാസങ്ങളിലെന്നാണ് കണ്ടെത്തൽ. ചീഫ് വിജിലന്‍സ് ഓഫീസറുടെ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. പടിപൂജയുടെ ബുക്കിംഗ് മറിച്ചുവില്‍ക്കുന്നുവെന്നും വിജിലന്‍സ് കണ്ടെത്തി.
പടിപൂജ ബുക്കിംഗ് മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമവിരുദ്ധമാണ്. പകരം പടിപൂജ അനുവദിക്കില്ലെന്നും ദേവസ്വം ബെഞ്ച് പറഞ്ഞു. പടിപൂജ ബുക്കിംഗിന്റെ വിശ്വാസ്യതയില്‍ത്തന്നെ ആശങ്കയുണ്ട്. പടിപൂജ ബുക്കിംഗ് സംവിധാനം ദുരുപയോഗം ചെയ്‌തെന്നും ഹൈക്കോടതി പറഞ്ഞു.