

എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം. കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. നാല് വര്ഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി സിംഗിള് ബെഞ്ച് മരവിപ്പിച്ചത്. കേസിൽ 4 വർഷം തടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. ജഡ്ജി കെ.വി. രജനീഷിൻ്റേതായിരുന്നു ഉത്തരവ്.
2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപ വിലമതിക്കുന്ന, വരവിൽ കവിഞ്ഞ സ്വത്ത് സ്വന്തമാക്കിയെന്നാണ് കേസ്. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി സുപ്രീം കോടതി തള്ളിയതിനെത്തുടർന്നാണു 2025 സെപ്റ്റംബറിൽ കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. 2013ൽ തൃശൂർ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും അതിനുശേഷം കോട്ടയം കോടതിയിലേക്കും മാറ്റുകയായിരുന്നു.
സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ, മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നും കേസിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി ഹർജി സമർപ്പിച്ചെങ്കിലും വിജിലൻസ് കോടതി തള്ളുകയായിരുന്നു.