

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പാസായി. എൽഡിഎഫ് പ്രമേയത്തെ പിന്തുണച്ചു. എന്നാൽ ബിജെപി അംഗങ്ങൾ എതിർത്തു.
ചട്ടം 118 പ്രകാരമാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. വോട്ടർ പട്ടിക തയ്യാറാക്കാനും പരിശോധിക്കാനും നിയമപരമായും പ്രവർത്തിപ്പിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടതായി പ്രമേയത്തിൽ ആരോപിച്ചു. ഭരണക്കൂടത്തിൻ്റെ ഇച്ഛയ്ക്ക് വഴങ്ങിയതോടെ കമ്മിഷൻ്റെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതായെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
സഭയിലുണ്ടായിരുന്ന മൂന്ന് ബിജെപി അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്തത്. തുടർന്ന് സഭയ്ക്ക് പുറത്തിറങ്ങിയ ബിജെപി അംഗങ്ങൾ പ്രമേയത്തിൻ്റെ പകർപ്പ് പരസ്യമായി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളും കോക്രോച്ച് ജനതാ പാർട്ടിയും വിദ്യാർത്ഥി സംഘടനകളും ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടയിലാണ് കേരള സർക്കാരിൻ്റെ നിർണായകമായ നീക്കം.