സംസ്ഥാനത്ത് ലോൺ ആപ്പ് മുഖേന മൂന്ന് വർഷത്തിനിടെ തട്ടിയെടുത്തത് 70 കോടി രൂപ; ഇരകളാകുന്നവരിൽ കൂടുതലും വീട്ടമ്മമാർ

സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് എളുപ്പത്തിൽ പണം ലഭ്യമാക്കിയാണ് തട്ടിപ്പുകാർ ആളുകളെ ലോൺ ആപ്പിൻ്റെ കെണിയിൽ വീഴ്ത്തുന്നത്.
Loan App Scam
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോൺ ആപ്പ് മുഖേനെ നടക്കുന്നത് വൻ തട്ടിപ്പ്. മൂന്ന് വർഷത്തിനിടെ അന്തർ സംസ്ഥാന സംഘം 70 കോടി രൂപയാണ് തട്ടിയെടുത്തത്. ഇരകളാകുന്നവരിൽ അഞ്ചിൽ ഒന്നും വീട്ടമ്മമാരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോൺ ആപ്പ് കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ടായി മലപ്പുറം മാറിയെന്നും കേരള പൊലീസ് സൈബർ വിങ്ങിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി.

മൂന്ന് വർഷം മുമ്പാണ് ലോൺ ആപ്പ് മുഖേനെയുള്ള തട്ടിപ്പ് കണ്ടെത്താൻ കേരള പൊലീസിൻ്റെ സൈബർ വിങ്ങിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന് ഒടുവിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. അന്തർ സംസ്ഥാന ബന്ധമുള്ളവരാണ് വൻ മാഫിയ തട്ടിപ്പിന് നേതൃത്വം നൽകുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Loan App Scam
കോഴിക്കോട് ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് എളുപ്പത്തിൽ പണം ലഭ്യമാക്കിയാണ് ലോൺ ആപ്പിൻ്റെ കെണിയിൽ വീഴ്ത്തുന്നത്. വെരിഫിക്കേഷനൊന്നുമില്ലാതെ പണം ലഭ്യമാകുമെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ കോൺടാക്ട്സ്, ഫോട്ടോസ്, സ്വകാര്യ വിവരങ്ങൾ തുടങ്ങിയവയെല്ലാം തട്ടിപ്പ് സംഘം കൈക്കലാക്കും.

ഉയർന്ന പലിശയുള്ള ലോൺ ആപ്പുകളുടെ അടവ് മുടങ്ങുന്നതോടെ ഭീഷണിയും തുടങ്ങും. ആദ്യം നേരിട്ടും പിന്നീട് കോൺടാക്ട് ലിസ്റ്റിലുള്ള ആളുകൾക്കും ഭീഷണി സന്ദേശമെത്തും. മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചും പൊതുമധ്യത്തിൽ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പണം തിരിച്ചടക്കാൻ നിർബന്ധിച്ചുകൊണ്ടേയിരിക്കും. ലഭിക്കുന്ന തുകയുടെ മൂന്നിരട്ടി വരെയാണ് തിരിച്ച് ആവശ്യപ്പെടുക എന്നതാണ് ലോൺ എടുത്തവരെ കെണിയിലാക്കുന്നത്.

സമൂഹത്തിൻ്റെ താഴെത്തട്ടിലുള്ള ആളുകളെയാണ് ഇത്തരം ആപ്പുകൾ ലക്ഷ്യമിടുന്നത്. ഇരകളാകുന്നവരിൽ അഞ്ചിൽ ഒന്നും വീട്ടമ്മമാരാണ്. എന്നാൽ 1000 കണക്കിന് തട്ടിപ്പുകൾ വരുമ്പോൾ വെറും 20 ശതമാനം മാത്രമാണ് പരാതിപ്പെടുന്നത്. ഭയം, അപമാനം, തുടർച്ചയായ അധിക്ഷേപം എന്നിവയാണ് പരാതിപ്പെടാതിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.

Loan App Scam
"സ്‌ട്രോംഗ് റൂം അല്ല, പേരാമ്പ്രയിൽ തുറന്നത് സീല്‍ ചെയ്യാത്ത മുറി"; തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് ജില്ലാ കളക്ടർ

മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ വരുന്നത്. അന്തർ സംസ്ഥാന ശൃംഖലയാണ് ലോൺ ആപ്പുകളെ നയിക്കുന്നത്. ബിഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പണം കൂടുതലായി പോകുന്നത്. ഏജൻ്റുമാർ, ഡിജിറ്റൽ ഓപ്പറേറ്റേഴ്സ്, സാമ്പത്തികം കൈകാര്യം ചെയ്യുന്നവർ എന്നിങ്ങനെ ലോൺ ആപ്പുകൾക്ക് പിറകിൽ വിപുലമായ ശൃംഖലയാണ് ഉള്ളത്.

സ്ഥീരികരിക്കാത്ത ലോൺ ആപ്പുകൾ ഉപയോഗിക്കാതിരിക്കുകയെന്നതും ആർബിഐ അംഗീകൃത ആപ്പുകൾ ഉപയോഗിക്കുകയെന്നതുമാണ് പരിഹാരമായി പറയുന്നത്. എളുപ്പത്തിൽ പണം ലഭിക്കുമ്പോൾ അതിന് പിറകിൽ തട്ടിപ്പുണ്ടെന്ന് മനസിലാക്കണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com