
തിരുവനന്തപുരം: പഞ്ചാബ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയ്ക്ക് മരുന്ന് വിതരണ അനുമതി നല്‍കി കേരളം. തമിഴ്‌നാട്ടില്‍ നല്‍കിയതിനേക്കാള്‍ കൂടിയ വിലക്കാണ് ഇതേ കമ്പനി അതേ മരുന്ന് കേരളത്തില്‍ നല്‍കുന്നത്. കരിമ്പട്ടികയില്‍ പെടുത്തിയിട്ട് പോലും ടെന്‍ഡറില്‍ നിന്ന് ഒഴിവാക്കുന്ന നടപടിയടക്കം ഒന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ സ്വീകരിച്ചില്ല.
അക്യു ലൈഫ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിനെ ആണ് പഞ്ചാബിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഏതെങ്കിലും ഒരു സംസ്ഥാനം കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയില്‍നിന്ന് മരുന്നുകള്‍ വാങ്ങരുത് എന്നുള്ള മാനദണ്ഡം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനുണ്ട്. എന്നാല്‍ ഇതേ കമ്പനിയില്‍ നിന്ന് മരുന്നു വാങ്ങാനാണു മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നീക്കം.
നോര്‍മല്‍ സലൈന്‍, റിങ്കര്‍ ലാക്ടേറ്റ് എന്നീ രണ്ട് മരുന്നുകള്‍ക്കാണ് ഈ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 40 ശതമാനത്തോളം ഓര്‍ഡര്‍ കമ്പനിക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഈ രണ്ടിനും ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലായിരുന്നു. റീടെന്‍ഡറില്‍ പങ്കെടുത്ത അക്യുലൈഫ് കമ്പനി വില കൂട്ടി. തമിഴ്‌നാട്ടില്‍ കൊടുക്കുന്നതിനേക്കാള്‍ അഞ്ച് രൂപ കൂട്ടിയാണ് കേരളത്തിലെ റീടെന്‍ഡറില്‍ പങ്കെടുത്തത്. അതും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അംഗീകരിക്കുകയായിരുന്നു.
പഞ്ചാബിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കരിമ്പട്ടികയില്‍ പെടുത്തിയ വിവരം അറിഞ്ഞിട്ടും ഈ കമ്പനിയില്‍ നിന്നും മരുന്ന് വാങ്ങാന്‍ ഉള്ള നീക്കവുമായി മുന്നോട്ട് പോകുകയായിരുന്നു. അതേസമയം ടെണ്ടര്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ റീടെന്‍ഡറിലാണ് കമ്പനി വന്നതെന്നും അതുകൊണ്ടാണ് കൂടിയ തുക വന്നതെന്ന് ആണ് വിശദീകരണം.