വിംബിൾഡൺ കിരീടം നേടി ലിൻഡ നോസ്‌കോവ

ഇന്നത്തെ പ്രധാന വാർത്തകൾ...
വിംബിൾഡൺ കിരീടം നേടി ലിൻഡ നോസ്‌കോവ

മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും. കൊട്ടാരക്കര മാര്‍ക്കറ്റ് ജംഗ്ഷന് സമീപം ആവിയോട്ട് ഹൗസില്‍ എ.സി.തോമസ് , ഭാര്യ ലോവേനി തോമസ് എന്നിവരാണ് മരിച്ചത്. സ്ഥലം എം.പി.യായ കൊടിക്കുന്നിൽ സുരേഷ്, വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തിവരുകയാണ്. മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. നിയമപരമായ എല്ലാ കാര്യങ്ങളും ഉടൻ പൂർത്തീകരിക്കുമെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ അംബാസിഡർ എം.പി.ക്ക് ഉറപ്പ് നൽകി.

ചൈനയെ തൊട്ട് ബാവി ചുഴലിക്കാറ്റ്

കിഴക്കൻ ചൈനയിലെ തീരദേശ നഗരമായ തായ് ഷൗവിൽ ബാവി ചുഴലിക്കാറ്റ്, ശനിയാഴ്ച കരതൊട്ടു. 20 ലക്ഷത്തോളം ആളുകളെ അപകടമേഖലയിൽ നിന്നൊഴിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. ജപ്പാന്റെ തെക്കൻ ദ്വീപുകളിലും തായ്വാന്റെ വടക്കൻ മേഖലകളിലും കാറ്റ് നാശം വിതച്ചിരുന്നു. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മഴമേഘങ്ങൾ ആശങ്ക പടർത്തുന്നുണ്ട്. മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ചൈനീസ് തീരത്തേക്ക് അടിച്ചുകയറിയത്.

ഹോർമുസ് അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നിർത്തുമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെ കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാൻ്റെ പ്രഖ്യാപനം. പിന്നാലെ ഇറാനെതിരായ ആക്രമണം വീണ്ടും ആരംഭിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ ആക്രമണത്തിൽ സൈപ്രസ് പതാകയുള്ള ഒരു കണ്ടെയ്നർ കപ്പലിന്റെ എഞ്ചിൻ റൂമിന് കാര്യമായ കേടുപാടുണ്ടെയെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ലിൻഡ നോസ്‌കോവ

വിംബിൾഡൺ വനിതാ സിംഗിൾസിൽ മുത്തമിട്ട് ലിൻഡ നോസ്‌കോവ. ലിൻഡയുടെ കന്നി ഗ്രാൻസ്ലാം നേട്ടം കരോളിനയെ ഫൈനലിൽ തകർത്ത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ലിൻഡയുടെ ജയം. രണ്ടാം സെറ്റിൽ അഞ്ച് ചാംപ്യൻഷിപ്പ് പോയിന്റ് മറികടന്നാണ് കരോളിന മത്സരത്തിൽ തിരിച്ചുവന്നത്. എന്നാൽ അവസാന സെറ്റിൽ അടിപതറുകയായിരുന്നു. ഇത് രണ്ടാം തവണയാണ് കരോളിന ഗ്രാൻസ്ലാം ഫൈനലിൽ പരാജയപ്പെടുന്നത്.

News Malayalam 24x7
newsmalayalam.com