വിഎസ് അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് അതികായൻ വിട പറയുമ്പോൾ ജനലക്ഷങ്ങൾ ഒഴുകിയെത്തിയ വൈകാരികമായ യാത്രയയപ്പിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഒരു നേതാവ് ജനകീയനാകുന്നത് ആയാൾ ജനങ്ങളിലേക്കെത്തുന്നിടത്തല്ല ജനങ്ങൾ അയാളിലേക്കെത്തുമ്പോഴാണെന്നതിന് രാഷ്ട്രീയ കേരളം നൽകിയ തെളിവുകളിലൊന്നായിരുന്നു വിഎസിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ കണ്ടത്. കക്ഷിരാഷ്ട്രീയം മറന്ന് പ്രമുഖ നേതാക്കൾ ഉൾപ്പെടെ ആ ജനനായകന് അന്ത്യാഞ്ജലികൾ നേരാനെത്തി.
തിങ്കഴാഴ്ച വൈകീട്ട് 3.20 ന് തിരുവനന്തപുരം എസ് യു ടി ആശുപ്ത്രിയിൽ നിര്യാതനായത്. അന്ന് രാത്രിയോടെ തന്നെ ഭൗതിക ശരീരം എകെജി സെന്ററിലേക്ക് എത്തിച്ചു. അവിശ്വസനീയമാം വിധം ജനപ്രവാഹമായിരുന്നു ആ രാത്രി എകെജി സെന്ററിലേക്ക്. വിതുമ്പിയും, കരച്ചിലടക്കിയും മനുഷ്യർ ആ നേതാവിനെ ഒരു നോക്കു കാണാനെത്തി. തന്റെ ജീവിത സമരത്തിലൂടെ ആ കുറിയ മനുഷ്യൻ പകർന്നുതന്ന എല്ലാ ഊർജവും സംഭരിച്ച് ആബാലവൃദ്ധം ജനങ്ങൾ ആകാശത്തിലേക്ക് മുഷ്ടിയുയർത്തി ഉറക്കെ വിളിച്ചു. കണ്ണേ കരളേ വിഎസേ... ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ... കേട്ടവർ കേട്ടവർ ഏറ്റുവിളിച്ചു. കൂടുതൽ ഉറക്കെ അവർ വീണ്ടും വിളിച്ചു, ഇല്ലാ ഇല്ല മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ...വൈകിയ രാത്രിയും കാറ്റും മഴയുമൊന്നും അവരെ തളർത്തിയില്ല.എകെജി സെന്ററിലും പിന്നീട് തലസ്ഥാനത്തെ വിഎസിന്റെ വസതിയിലും ജനങ്ങളൊഴുകിയെത്തി.
പിറ്റേന്ന് രാവിലെ ദർബാർ ഹാളിൽ പൊതുദർശനം. അവിടെയും ജനസാഗരം അലയടിച്ചു. വിഎസിനു കീഴിൽ ജോലിചെയ്ത തൊഴിലാളികളും, തലസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി മനുഷ്യരെത്തി. സാധാരണക്കാരായ മനുഷ്യർ ഒരു തേങ്ങലോടെ പ്രിയനേതാവിനെ അവസാനമായി കാണാനെത്തി. വിഭാഗീയതയും, കക്ഷിരാഷ്ട്രീയവും മറന്ന് രാഷ്ട്രീയ കേരളം വിഎസിനെ അനുസ്മരിച്ചു. ആശയപരമായ ഭിന്നതകൾക്കപ്പുറം പരസ്പര ബഹുമാനത്തിന്റേയും രാഷ്ട്രീയ ബോധ്യത്തിന്റെയും, രാഷ്ട്രീയ മൂല്യത്തിന്റേയും നേർക്കാഴചയൊരുക്കി നേതാക്കൾ കേരള രാഷ്ട്രീയത്തിലെ അതികായനെ യാത്രയാക്കി.
ദർബാർ ഹാളിൽ നിന്നും ഇറങ്ങി പിന്നീട് ഏകദേശം രണ്ടു മണിക്ക് തലസ്ഥാന നഗരിയിൽ നിന്ന് വിഎസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ട് പുറപ്പെട്ട വിലാപയാത്ര അദ്ദേഹത്തിന്റെ ജന്മനാടായ ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലെത്തിയത് 22 മണിക്കൂറുകളെടുത്ത്. പാതയോരങ്ങളിൽ ആയിരങ്ങൾ കാത്തു നിന്നും പ്രിയ സഖാവിനെ കാണാൻ അണികളും, കേരളചരിത്രത്തിലെ അതികായനായ നേതാവിനെ കാണാൻ പുതു തലമുറയുൾപ്പെടെ വൻജനാവലിതന്നെ അണിനിരന്നു. ഉറക്കമൊഴിഞ്ഞ് ഉള്ളുലഞ്ഞ് കേരളം വിഎസിന്റെ അവസാന യാത്രയെ അനുഗമിച്ചു.
ഇന്നലെ രാത്രി ഒമ്പതുമണിയോടെ പുന്നപ്രയിലെ വേലിക്കകത്തുവീട്ടിൽ എത്തുമെന്ന് പ്രതീക്ഷിച്ച വിലാപയാത്ര എത്തിയത് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ. ആലപ്പുഴ ജില്ലയിലേക്ക് എത്തുന്ന വിഎസിനെ കാത്ത് സാധാരണക്കാരോടൊപ്പം മണിക്കൂറുകൾ കാത്തു നിന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബംഗാളിൽ നിന്ന് വിഎസിനെ ഒരുനോക്കു കാണാനെത്തിയ സിപിഎം നേതാവ് ബിമൻ ബസു, വിഎസ് എന്ന വ്യക്തിയുടെ സ്വീകാര്യത പ്രതീക്ഷിച്ചതിലും എത്രയോ ഉയരങ്ങളിലെന്ന് കേരളം കണ്ടറിഞ്ഞു. മറ്റ് പ്രമുഖ ദേശീയ നേതാക്കൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ, കാലാകാരന്മാർ തുടങ്ങി നിരവധിപ്പേർ നേരിട്ടും അല്ലാതെയും വിഎസിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു. എല്ലാ സമയക്രമങ്ങളേയും തെറ്റിച്ച് ജനക്കൂട്ടം ഓടിയെത്തി.
പിന്നീട് ആലപ്പുഴ ഡിസി ഓഫീസിലും ആളുകൾ കാത്തു നിന്നു. സംസാഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് മണിക്കൂറുകൾ സഞ്ചരിച്ച് കോരിച്ചൊരിയുന്ന മഴയിൽ പ്രിയ സഖാവിനെ കാത്തു നിന്ന മനുഷ്യർ. മുദ്രാവാക്യം വിളിച്ചും പൂക്കളർപ്പിച്ചും അവർ അദ്ദേഹത്തോടുള്ള ആദരവറിയിച്ചു. കിലോമീറ്ററുകളോളം നടന്ന് നീണ്ട ക്യൂവിൽ ഏറെ നേരം കാത്തു നിന്നിട്ടും അവർ ആവേശത്തോടെ പറഞ്ഞു "ഞങ്ങൾ സഖാവിനെ കണ്ടിട്ടേ പോകൂ".
അവസാന പൊതുദർശനം നടന്ന ആലപ്പുഴ ബീച്ചിലെ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ച് ജനങ്ങളെത്തി. ഒരു നോക്ക് കാണാൻ ഇടത് വലത് ഭേദമില്ലാതെ മനുഷ്യർ മഴയിൽ നനഞ്ഞുനിന്നു. തലമുറതോറും കൊളുത്തിയ കെടാത്ത കൈത്തിനാളങ്ങളെന്ന വരികളെ യാഥാർഥ്യമാക്കി പലതലമുറകൾ അവിടെയെത്തി. അറബിക്കടലിലെ അലകളെപ്പോലും മറികടന്ന് തിരയൊടുങ്ങാത്ത ആ ജനസാഗരം മുദ്രാവാക്യങ്ങൾ മുഴക്കി.
ഒരു ജനതയുടെ മുഴുവൻ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ഒരു നൂറ്റാണ്ടിന്റെ ചരിത്രം ജന്മനാട്ടിൽ നിതാന്ത നിദ്രയിലേക്ക്. ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ വിഎസ് ഉറങ്ങുമ്പോൾ ഒരു യുഗാന്ത്യമെന്ന് കേരളം അതിനെ വിളിച്ചു. ഒരു പക്ഷെ രാജ്യം കണ്ട ഒരുപക്ഷെ ലോകം തന്നെ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിസ്മയം അതാണ് വിഎസ്. വന്നവരും കണ്ടവരും ഒരുപോലെ പറഞ്ഞു. "തുടർച്ചകളുണ്ടാകും പക്ഷെ ഇതുപോലൊരാൾ ഇനിയില്ല"