കസ്റ്റഡിയിലെടുത്തത് പതിനൊന്നാം നാൾ; ടി.ജി. മോഹൻദാസിനെ സൈബർ ക്രൈം വിഭാഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ടി.ജി. മോഹൻദാസിനെതിരെ കേസെടുത്ത് 10 ദിവസങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം സൈബർ പൊലീസിൻ്റെ തുടർനടപടി.
TG Mohandas
Published on
Updated on

കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിലെത്തി പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ടി.ജി. മോഹൻദാസിനെതിരെ കേസെടുത്ത് 10 ദിവസങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം സൈബർ പൊലീസിൻ്റെ തുടർനടപടി.

കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും തുടർനടപടി സ്വീകരിക്കാത്തതിൽ സർക്കാരിനെതിരെ വിമർശനവും ഉയർന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച ഡിജിറ്റൽ ഡിവൈസുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊച്ചിയിൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷം മോഹൻദാസിനെ സൈബർ ക്രൈം വിഭാഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

TG Mohandas
കാസർഗോഡ് ക്വിസ് വിവാദം: ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു

ജൂലൈ 29നാണ് പൊലീസ് ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തത്. സമരത്തെ പിന്തുണച്ച പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് എന്നും സിജെപി പ്രക്ഷോഭകരെ വെടിവച്ചു കൊല്ലണമെന്നും തുടങ്ങിയ കേട്ടാലറയ്ക്കുന്ന പരാമർശമാണ് ഈ സംഘപരിവാർ അനുഭാവി നടത്തിയത്. അതേസമയം, പൊലീസ് നടപടി എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് ഡിവൈഎഫ്ഐയും എഐവൈഎഫും യുഡിഎഫ് സർക്കാരിനോട് ചോദിച്ചു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകമെന്നും കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നതെന്നും ബിജെപി വിമർശിച്ചു.

ഫിഷറീസ് വകുപ്പ് പിടിച്ചുവാങ്ങി ഭരിക്കുന്ന മുസ്ലീം ലീഗ് മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായപ്പോള്‍ നടപടികള്‍ എടുക്കാത്ത ഗൗരവകരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാല്‍ മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും കാണാതെ മടങ്ങുന്ന ലീഗ് മന്ത്രിമാര്‍ കേരള സമൂഹത്തിന് നല്‍കുന്ന സന്ദേശം ഭീതിജനകമാണ്. മതവര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്ലീം ലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി.ഡി. സവര്‍ക്കര്‍ വിഷയത്തിലും പ്രസ്താവനകള്‍ നടത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ബിജെപി സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.

News Malayalam 24x7
newsmalayalam.com