

കേരളം പ്രളയക്കെടുതിയിൽ ആണ്ടുനിൽക്കെ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്തതും, ഹെലികോപ്റ്റർ യാത്ര നടത്തിയതും ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറത്ത് പങ്കെടുത്തത് വിരുന്ന് സൽക്കാരത്തിൽ അല്ലെന്നും ഹെലികോപ്‍ടർ യാത്ര ഔദ്യോഗിക ആവശ്യത്തിനെന്നുമാണ് വിശദീകരണം. എന്നാൽ മുഖ്യമന്ത്രിയുടെ ന്യായീകരണം തള്ളിയ പ്രതിപക്ഷം, പ്രളയകാലത്ത് കാണിക്കേണ്ട ഔചിത്യം മുഖ്യമന്ത്രി കാണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിമർശനം കടുപ്പിക്കുകയാണ്.
സാധാരണക്കാർ വെള്ളപ്പൊക്ക ദുരിതത്തിൽ മുങ്ങിനിൽക്കുന്ന സമയത്ത് തന്നെയാണ് മുഖ്യമന്ത്രിയുടെ വിരുന്നും യാത്രയും. ഇതോടെ, ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രി വിരുന്നുണ്ട് നടക്കുന്നു എന്നായിരുന്നു വിമർശനം. കനത്ത മഴയിൽ സംസ്ഥാനത്തെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായ ദിവസമാണ് മുഖ്യമന്ത്രി സതീശൻ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ വീട് സന്ദർശിച്ചത്. പ്രളയദൃശ്യങ്ങൾക്കൊപ്പം തന്നെ മുഖ്യമന്ത്രി വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ന്യായീകരണവുമായി മുഖ്യമന്ത്രി എത്തിയത്. പങ്കെടുത്തത് വിരുന്ന് സൽക്കാരത്തിൽ അല്ലെന്ന് പറഞ്ഞ സതീശൻ വിമർശനങ്ങളെ പരിഹാസത്തോടെയാണ് നേരിട്ടത്.
മുഖ്യമന്ത്രി കൊച്ചിയിലേക്ക് നടത്തിയ ഹെലികോപ്‌ടര്‍ യാത്രയും കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യാ പിതാവിനെ കാണാൻ ഹെലികോപ്‌ടര്‍ യാത്ര നടത്തി എന്നായിരുന്നു വിമർശനം. എന്നാൽ, യാത്ര ചില നിക്ഷേപകരെ അടിയന്തരമായി കാണാനായിരുന്നു എന്ന് സതീശൻ വിശദീകരിച്ചു. പക്ഷേ ഏത് നിക്ഷേപകർ എന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. നിക്ഷേപകർ തിരുവനന്തപുരത്തേക്ക് വരില്ലേ എന്ന ചോദ്യത്തേയും മുഖ്യമന്ത്രി പരിഹസിച്ചു. പിണറായി വിജയനെപ്പോലെ താൻ പാർട്ടി പരിപാടിക്ക് പോകാൻ ഹെലികോപ്‌ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും വാദിച്ചു. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ യാതൊരു പ്രശ്നവുമില്ല. എല്ലാം പെർഫെക്ട് ഓകെയാണ്. പ്രശ്നങ്ങളുണ്ടെന്ന പ്രചാരണം ചിലരുടെ കുത്തിത്തിരിപ്പ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ സർക്കാരിന്റെ കാലത്ത് ഹെലികോപ്‌ടര്‍ ധൂർത്തെന്ന് ആരോപിച്ച വി ഡി സതീശൻ ഇപ്പോൾ വിവാദങ്ങളിൽ നിന്ന് തെന്നിമാറാൻ ശ്രമിക്കുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പരിപാടിക്ക് പോയ ദിവസം ആ ജില്ലകളിൽ അതിതീവ്രമഴയുടെ ജാഗ്രതാ നിർദേശം ഉണ്ടായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ കാത്തുനിന്നത്. ഇവരെല്ലാവരും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട പ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥരായിരുന്നുവെന്ന് പി. രാജീവ് വിമര്‍ശിച്ചു.
ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചതല്ല പ്രശ്നം , ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കാത്തതാണ് ചൂണ്ടിക്കാട്ടിയതെന്ന് എ.എ. റഹീം എംപി ഫേസ്ബുക്കിൽ വിമർശിച്ചു. കൊച്ചിയിലെ നിക്ഷേപകരുടെ പേര് സംഘടിപ്പിക്കാൻ സമയം കിട്ടിയില്ലെന്ന പരിഹാസത്തോടെയായിരുന്നു വി. ശിവന്‍കുട്ടിയുടെ പ്രതികരണം. പേര് നിങ്ങൾക്കും സജസ്റ്റ് ചെയ്യാമെന്ന് ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും മുമ്പ് നടത്തിയ മംഗലാപുരം യാത്ര ചൂണ്ടക്കാട്ടിയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. മുഖ്യമന്ത്രി സ്ഥാനം ഏൽക്കും മുൻപ് ഹെലികോപ്‌ടറില്‍ ഒരു മംഗലാപുരംയാത്ര! ആരെ കാണാൻ ? എന്തിനു വേണ്ടി? ഇപ്പോൾ വീണ്ടും വിവാദമായ ഒരു ഹെലികോപ്‍ടര്‍ യാത്ര! ആരാണ് ആ ഇൻവെസ്റ്റർ? താനിരിക്കുന്ന സ്ഥലത്ത്, താൻ കൽപ്പിക്കുന്ന സമയത്ത് തന്നെ വന്നുകാണണമെന്ന് സംസ്ഥാന മുഖ്യമന്ത്രിയോട് ആജ്ഞാപിക്കാൻ അയാൾക്ക് ധൈര്യം കൊടുത്തത് ആരാണെന്നും ബിനോയ് വിശ്വം ഫേസ്ബുക്കില്‍ ചോദിച്ചു. ഹെലികോപ്‌ടര്‍ യാത്രയില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി ഔചിത്യമില്ലാതെ പെരുമാറി എന്ന ആരോപണം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.