സംസ്ഥാനത്ത് മഴ തുടരും; യെല്ലോ അലേർട്ട്, തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരും. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത മൂന്ന് ദിവസങ്ങളിലേക്ക് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. നിലവിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
16/08/2025: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
17/08/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
18/08/2025: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
എന്നിങ്ങനെയാണ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തൃശൂർ ജില്ലയിൽ മഴ ശക്തമായതിനെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 26) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
അതേ സമയം കേരളത്തിന്ൽ പലയിടത്തും മഴയും ശക്തമായ കാറ്റും നാശനഷ്ടങ്ങൾ വിതച്ചു. പെരുമണ്ണ വള്ളിക്കുന്നിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പുതിയോട്ട് മുഹമ്മദിൻ്റെ വീട്ടിലാണ് അപകടം. കാഴ്ച പരിമിതിയുള്ള മുഹമ്മദ് വീട്ടിനകത്ത് ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പ്രദേശത്തെ നിരവധി വൈദ്യുത പോസ്റ്റുകളും തകർന്നിട്ടുണ്ട്.