ശബരിമല: സന്നിധാനത്ത് ഇന്ന് മുതൽ മുഴുവൻ ദിവസങ്ങളിലും കേരള സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ അറിയിച്ചു. ഭക്ഷണ കാര്യത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് സദ്യ നൽകുക എന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ രജിസ്ട്രേഷൻ ഫലം കണ്ടതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ഭക്തർ കൃത്യമായി സമയക്രമം പാലിക്കുന്നതിനാലാണ് തിരക്ക് കുറയുന്നത്. അടുത്ത ദിവസങ്ങളിലും ഇത് തുടർന്നാൽ കാര്യങ്ങൾ എളുപ്പമാകും. പരാതികൾ ഇല്ലാതെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.
അതേസമയം, ഇന്ന് വൃശ്ചിക പുലരിയിൽ മന്ത്രി കെ. മുരളീധരൻ ശബരിമലയിൽ ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ മൂന്ന് മണിക്ക് നട തുറന്നപ്പോഴാണ് മന്ത്രി ദർശനത്തിന് എത്തിയത്. മാളികപ്പുറത്തും ദർശനം നടത്തിയ മന്ത്രി പുതുതായി ചുമതലയേറ്റ മേൽശാന്തിമാരുമായും കൂട്ടിക്കാഴ്ച നടത്തി. ഇന്നലെ ശബരിമലയിലെത്തിയ മന്ത്രി കലശം കുളിപ്പിക്കൽ ചടങ്ങിനും സാക്ഷിയായിരുന്നു.
സ്പോട്ട് ബുക്കിങ് കൗണ്ടറുകളിലെ തിരക്ക് മുൻനിർത്തി സ്വാമിമാർക്ക് വിശ്രമിക്കാനും കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യാനും പ്രത്യേക ശ്രദ്ധ വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ ഉദ്യോഗസ്‌ഥരോട് നിർദേശിച്ചു. ഇന്നലെ മാത്രം കെഎസ്ആർടിസിയുടെ 402 ചെയിൻ സർവീസുകളാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് സ്വാമിമാർക്കായി അനുവദിച്ചത്.