

തിരുവനന്തപുരം: മലപ്പുറത്ത് ഫേസ് ക്രീ പുരട്ടിയ പെൺകുട്ടി വൃക്കരോഗം ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം. ലൈസൻസിലും നിർമാതാവിന്റെ വിവരങ്ങളിലും വ്യക്തതയില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശം. ഇതുവരെ നടത്തിയ പരിശോധനകളിൽ പത്ത് ലക്ഷം രൂപയിലധികം വില വരുന്ന സൗന്ദര്യവസ്തുക്കൾ പിടിച്ചെടുത്തെന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.
ഓൺലൈൻ വഴി വിൽപ്പന നടത്തുന്ന കമ്പനികൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് പരിമിതിയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളിൽ ഹാനികരമായ വസ്തുക്കൾ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തു. മുഖത്ത് തേക്കുന്ന പാക്കിസ്ഥാൻ നിർമിതമായ രണ്ട് ക്രീമുകളിലാണ് ഏറ്റവും കൂടുതൽ മെർക്കുറിയുടെ അംശം കണ്ടെത്തിയത്. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ ആണ് മെർക്കുറി അടക്കം ശരീരത്തിന് ഹാനികരമായ പദാർത്ഥങ്ങളുടെ അംശം കണ്ടെത്തിയത്.
കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഒരു പിപിഎം മെർക്കുറി അനുവദനീയമായ ഇടത്ത് 20000 പിപിഎം വരെ അടങ്ങിയിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. മീതൈൽ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, 17 കാരിക്ക് വൃക്ക രോഗത്തിന് കാരണമായ ഫെയറ്നസ് ക്രീമുമായി ബന്ധപ്പെട്ട റിപ്പോർട്ട് നാളെ ഡ്രഗ് കൺട്രോളർ ആരോഗ്യവകുപ്പിന് സമർപ്പിക്കും. പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷം പ്രത്യേക സമിതിയെ നിയമിക്കും.