കാർഷിക കടാശ്വാസ കമ്മീഷന്‍ സ്തംഭനാവസ്ഥയിൽ; പ്രതിസന്ധിയിലായി കർഷകർ

2016 മാർച്ച് 31ന് ശേഷം പുതിയ അപേക്ഷകൾ കമ്മീഷൻ സ്വീകരിച്ചിട്ടില്ല
പ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രംSource: Kerala State Planning Board
Published on

കടക്കെണി കാരണം കർഷകർ കൊടുംദുരിതത്തിലാകുമ്പോഴും സംസ്ഥാനത്തെ കാർഷിക കടാശ്വാസ കമ്മീഷൻ സ്തംഭനാവസ്ഥയിൽ. 2016 മാർച്ച് 31ന് ശേഷം പുതിയ അപേക്ഷകൾ കമ്മീഷൻ സ്വീകരിച്ചിട്ടില്ല. മന്ത്രിസഭാ അനുമതി ലഭിക്കാത്തതിനാലാണ് പുതിയ അപേക്ഷകൾ സ്വീകരിക്കാത്തത് എന്നാണ് കമ്മീഷൻ്റെ വിശദീകരണം.

സംസ്ഥാനത്തെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. മുടക്കുമുതൽ പോലും കിട്ടാതെ കർഷകർ കടക്കെണിയിൽ പെട്ടുഴറുന്നു. വിയർത്തുണ്ടാക്കിയ വിളവിന് മാന്യമായ വില പോലും കർഷകർക്ക് പലപ്പോഴും ലഭിക്കാറില്ല. എന്നിട്ടും കടം വാങ്ങി വീണ്ടും വിത്തിറക്കും. നഷ്ടം അടുത്ത വിളവെടുപ്പിൽ നികത്താമെന്ന പ്രതീക്ഷയിൽ. പക്ഷെ വീണ്ടും നിരാശ മാത്രമായിരിക്കും ഫലം. അങ്ങനെ കടം കയറി ഒരു മുഴം കയറിലോ വിഷക്കുപ്പിയിലോ ജീവിതം അവസാനിപ്പിച്ച കർഷകർ പോലുമുണ്ട്.

പ്രതീകാത്മ ചിത്രം
ബിജെപിയില്‍ ഭിന്നത; നേതാക്കളെക്കാള്‍ രാജീവ് ചന്ദ്രശേഖറിന് വിശ്വാസം ഏജൻസി റിപ്പോർട്ടുകള്‍

കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ കൊണ്ടുവന്ന പദ്ധതിയാണ് കാർഷിക കടാശ്വാസ കമ്മീഷൻ. എന്നാൽ കടാശ്വാസമെന്നത് കമ്മീഷൻ്റെ പേരിൽ മാത്രം ഒതുങ്ങി. 2016 മാർച്ച് 31ന് ശേഷം കർഷകരുടെ ഒരു അപേക്ഷ പോലും കമ്മീഷൻ പരിഗണിച്ചിട്ടില്ല. പ്രളയവും കോവിഡും തകർത്തു തരിപ്പണമാക്കിയ കാർഷിക മേഖലയെ കടാശ്വാസ കമ്മീഷൻ കണ്ടിട്ട് കൂടിയില്ല. കാലാവസ്ഥ പ്രതിസന്ധി, വന്യജീവി ശല്യം, സംഭരണ വില പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങൾ കർഷകർ തുടരെ നേരിട്ട് കൊണ്ടിരിക്കുമ്പോഴും കടാശ്വാസ കമ്മീഷൻ നിശ്ചലമായി തുടരുകയാണ്.

മന്ത്രിസഭാ യോഗമാണ് അപേക്ഷകൾ സ്വീകരിക്കാൻ അനുമതി നൽകേണ്ടത്. അനുമതി ലഭിച്ചാൽ സിറ്റിങ് നടത്തി കർഷകരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാനാവും. മന്ത്രിസഭാ അനുമതി ലഭിക്കാത്തതോടെയാണ് 2016ന് ശേഷമുള്ള അപേക്ഷകൾ പരിഗണിക്കാൻ സാധിക്കാത്തതെന്നാണ് കടാശ്വാസ കമ്മീഷൻ പ്രതികരണം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കാർഷിക പദ്ധതികളിൽ നിന്ന് വായ്പയെടുത്ത കർഷകർ, തുടർലാഭമില്ലാതെ കടക്കെണിയിൽ പെട്ടുന്നതും കൂടുകയാണ്. മൃഗപരിപാലന- മീൻ വളർത്തൽ മേഖലകളിലാണ്, ഇത്തരത്തിൽ കർഷകർ പ്രതിസന്ധിയിലാവുന്നത്. കർഷക ക്ഷേമനിധി പ്രവർത്തനങ്ങളും പ്രതിസന്ധിയിലാണെന്ന് കർഷകർ പറയുന്നു.

കാർഷിക കടാശ്വാസ കമ്മീഷൻ പ്രവർത്തനം അടിയന്തരമായി പുനസ്ഥാപിച്ച്, കോവിഡ് കാലഘട്ടം വരെയുള്ള പരാതികൾ എങ്കിലും ഉടൻ പരിഗണിക്കണം എന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com