
വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ച കേരള സർവകലാശാല ജോയിൻ്റ് രജിസ്ട്രാർ പി. ഹരികുമാറിനെ ചുമതലകളില്‍ നിന്ന് മാറ്റി. പ്ലാനിങ് ഡയറക്ടർ ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ താല്‍ക്കാലിക ചുമതല നൽകി വിസി ഉത്തരവിറക്കി. നിയമോപദേശം തേടിയതിന് ശേഷമായിരിക്കും ഹരികുമാറിനെതിരെ കൂടുതൽ നടപടി സ്വീകരിക്കുക.
കെ.എസ്. അനില്‍ കുമാറിനെ രജിസ്ട്രാർ സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ പി. ഹരികുമാറിനെയാണ് ഈ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഹരികുമാറിനെ മാറ്റിയതോടെ രജിസ്ട്രാറിന്റെ താല്‍ക്കാലിക ചുമതല മിനി കാപ്പനെ ഏല്‍പ്പിക്കുകയായിരുന്നു.
കേരളാ സർവകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗവർണറോട് അനാദരവ് കാട്ടിയെന്നും ബാഹ്യ സമ്മർദത്തിന് വഴങ്ങിയെന്നും ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തത്. പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം ഉപയോഗിച്ചത് ചട്ടലംഘനമാണെന്നായിരുന്നു രജിസ്ട്രാറിന്റെ നിലപാട്. സസ്പെന്‍ഷനെ ചോദ്യം ചെയ്ത് കെ.എസ്. അനില്‍കുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സസ്പെന്‍ഷന് സ്റ്റേ അനുവദിച്ചില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്.
എന്നാല്‍, കഴിഞ്ഞ ദിവസം വൈസ് ചാന്‍സലറുടെ എതിർപ്പ് മറികടന്ന് രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കി. സസ്പെൻഷൻ നിയമവിരുദ്ധ നടപടിയാണെന്നായിരുന്നു സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളുടെ വാദം. സിന്‍ഡിക്കേറ്റില്‍ നിന്ന് വൈസ് ചാന്‍സലർ ഇറങ്ങിപ്പോയിട്ടും യോഗം തുടരുകയായിരുന്നു. ഇതിനു പിന്നാലെ, രജിസ്ട്രാറായി കെ.എസ്. അനിൽ കുമാർ തിരികെ ചുമതല ഏറ്റെടുത്തു. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് സൂചന. ഇതോടെ സർവകലാശാലയില്‍ സിന്‍ഡിക്കേറ്റിന്റെ ഒരു രജിസ്ട്രാറും വിസിയുടെ മറ്റൊരു രജിസ്ട്രാറും ചുമതലയിലുള്ള അവസ്ഥയാണ്.