വിദ്യാർഥി രാഷ്ട്രീയത്തിന് തടയിടാൻ കേരള സർവകലാശാല; പ്രതിഷേധം രേഖപ്പെടുത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ, നടക്കുന്നത് പ്രാരംഭ ചർച്ചകൾ മാത്രമെന്ന് വിസി

നീക്കം യുവതലമുറയെ ഭയക്കുന്നത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...
വിദ്യാർഥി രാഷ്ട്രീയത്തിന് തടയിടാൻ കേരള സർവകലാശാല; പ്രതിഷേധം രേഖപ്പെടുത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ,  നടക്കുന്നത് പ്രാരംഭ ചർച്ചകൾ മാത്രമെന്ന് വിസി
Source: Files
Published on
Updated on

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ വിദ്യാർഥി രാഷ്ട്രീയം വിലക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നീക്കം യുവതലമുറയെ ഭയക്കുന്നത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർവ്വകലാശാല വിസിയുടെ നീക്കത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തി. അതേസമയം ഇപ്പോഴുള്ളത് ക്യാമ്പസുകളിൽ സമാധാനം നിലനിർത്താനുള്ള പ്രാരംഭ ചർച്ചകൾ മാത്രമാണെന്നും പുറത്തുവന്നത് ഔദ്യോഗിക രേഖയല്ലെന്നുമാണ് സർവ്വകലാശാല വിസിയുടെ വിശദീകരണം.

കോളേജുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിന് വിലങ്ങിടാനുള്ള നീക്കമാണ് കേരള സർവകലാശാല നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. ക്യാമ്പസുകളിലോ സർവകലാശാല പഠന വിഭാഗങ്ങളിലോ വിദ്യാർഥികൾ ഒരുതരത്തിലുമുള്ള രാഷ്ട്രീയ പ്രവർത്തനത്തിലും ഏർപ്പെടരുത് എന്നാണ് സിൻഡിക്കേറ്റ് തയ്യാറാക്കിയ കരട് മാർഗ്ഗരേഖയിലെ നിർദ്ദേശം. ചട്ടം ലംഘിക്കുന്ന വിദ്യാർഥികൾക്ക് താക്കീത് മുതൽ 5000 രൂപ പിഴ ഈടാക്കണമെന്നും വരെ കരട് മാർഗരേഖയിൽ നിർദേശമുണ്ട്. കരടിൽ കോളേജുകളിൽ പ്രിൻസിപ്പാളിനും സർവ്വകലാശാല ക്യാമ്പസിൽ വിസിക്കുമാണ് ശിക്ഷാ നടപടിക്കുള്ള അധികാരം നിശ്ചയിക്കുന്നത്.

വിദ്യാർഥി രാഷ്ട്രീയത്തിന് തടയിടാൻ കേരള സർവകലാശാല; പ്രതിഷേധം രേഖപ്പെടുത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ,  നടക്കുന്നത് പ്രാരംഭ ചർച്ചകൾ മാത്രമെന്ന് വിസി
മിൽമയിലെ ക്രമക്കേടിൽ സമഗ്ര അന്വേഷണത്തിന് ക്ഷീര വികസന വകുപ്പ്; 29 വർഷം ഭരിച്ചത് കോൺഗ്രസ് ഭരണസമിതിയെന്ന് മുൻ ചെയർമാൻ കെ.എസ്. മണി

അതേസമയം സർവകശാലയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിനെതിരായ നീക്കം യുവതലമുറയെ ഭയക്കുന്നത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വിസിയുടെ നീക്കത്തിനെതിരെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ പുറത്തുവന്നത് ഔദ്യോഗിക രേഖയല്ലെന്നാണ് കേരള സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമലിന്റെ വിശദീകരണം. ക്യാമ്പസുകളിൽ സമാധാനം നിലനിർത്താനുള്ള പ്രാരംഭ ചർച്ചകളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളതെന്നും വിസി വ്യക്തമാക്കി.

കലാലയങ്ങളിൽ സമാധാന അന്തരീക്ഷം ഉറപ്പാക്കാനുള്ള നടപടി അറിയിക്കാൻ നേരത്തെ ഹൈക്കോടതി സർവ്വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗവർണർ എല്ലാ വൈസ് ചാൻസലർമാർക്കും കത്തുകൾ അയച്ചതിന്റെ അടിസ്ഥാനത്തിലാണ് കലാലയ രാഷ്ട്രീയം വിലക്കുന്ന നടപടിയിലേക്ക് ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com