തിരുവന്തപുരം: കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് വിസിയുടെ കാരണം കാണിക്കൽ നോട്ടീസ്. രജിസ്ട്രാർ കെ. എസ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ പിൻവലിച്ചതായി കാണിച്ച് സർവകലാശാലയിലെ എല്ലാ വകുപ്പുകൾക്കും കത്തയച്ചതിനാണ് നോട്ടീസ് നൽകിയത്.
അനിൽകുമാറിനെ സസ്പെൻഡ് ചെയ്തപ്പോൾ രജിസ്ട്രാറുടെ ചുമതല നൽകിയത് ഹരികുമാറിന് ആയിരുന്നു. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് വിസി നോട്ടീസിൽ അറിയിച്ചു.
കേരള സർവകലാശാലയിലെ ഭരണപ്രതിസന്ധി രൂക്ഷമായതോടെയാണ് സമവായത്തിന് സംസ്ഥാന സർക്കാർ തന്നെ രംഗത്തെത്തിയിരുന്നു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലും മന്ത്രി ആർ. ബിന്ദുവും കൂടിക്കാഴ്ച നടത്തിയിരുന്നു. സർവകലാശാലയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സിൻഡിക്കേറ്റ് യോഗമെന്ന ആവശ്യത്തോട് വിസി അനുഭാവ നിലപാട് സ്വീകരിച്ചെന്നും മന്ത്രി അറിയിച്ചിരുന്നു.
ഒന്നാം ഘട്ട ചർച്ച മാത്രമാണ് ഇപ്പോൾ ഇരുവിഭാഗങ്ങളുമായി നടന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കിയിരുന്നു. ഗവർണറുമായി ചർച്ച നടത്താനും സർക്കാർ തയ്യാറാണ്. ആർക്കും പ്രയാസമല്ലാത്ത രീതിയിൽ ഉള്ള പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പക്ഷേ രജിസ്ട്രാർക്കെതിരെയുള്ള നടപടിയിൽ വിസി ഉറച്ച് നിൽക്കുകയാണ് ഉണ്ടായത്. കെ.എസ്. അനിൽകുമാർ ഓഫീസിൽ പ്രവേശിക്കുന്നത് ഗവർണറോടുള്ള അനാദരവാണെന്നും സസ്പെൻഷൻ ഉത്തരവ് അംഗീകരിക്കാതെ സമവായത്തിലെത്തില്ലെന്നും മോഹനൻ കുന്നുമ്മൽ മന്ത്രിയെ അറിയിച്ചിരുന്നു.