വേടനെ കുറിച്ചുള്ള ലേഖനം 'ദ റെവല്യൂഷണറി റാപ്പർ', പാബ്ലോ നെരൂദയുടെ പേരിലുള്ള എ.ഐ കവിത എന്നിവ സിലബസിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ സംബന്ധിച്ച് വിശദീകരണം തേടി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അടിയന്തരമായി വിശദീകരണം നൽകാൻ ബോർഡ് ഓഫ് സ്റ്റഡിസ് അംഗങ്ങൾക്ക് വിസി നിർദേശം നൽകി.
കേരള സർവകലാശാല നാലാം വർഷ ഡിഗ്രി സിലബസിലാണ് ഇരു പാഠഭാഗങ്ങളും ഉൾപ്പെട്ടിരുന്നത്. നാലാം വര്‍ഷ ബിരുദ സിലബസില്‍ 'വേടന്‍ ദ റവല്യൂഷണറി റാപ്പര്‍' എന്ന തലക്കെട്ടിലാണ് വേടനെ കുറിച്ചുള്ള ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ കോഴ്‌സിലാണ് വേടനെക്കുറിച്ച് പഠിക്കുക. വേടന്റെ സംഗീതം സാമൂഹിക നീതി, അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
കേരള സർവകലാശാല നാലാം വർഷ ബിഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലാണ് പാബ്ലോ നെരൂദയുടെ പേരിൽ 'ഇംഗ്ലീഷ്: യു ആർ എ ലാംഗ്വേജ്' എന്ന കവിത പഠിക്കാനുണ്ടായിരുന്നത്. എന്നാൽ, നെരൂദ ഇത്തരത്തിലൊരു കവിത എഴുതിയിട്ടില്ല. എഐ ഉപോയഗിച്ചുണ്ടാക്കിയ സിലബസിലാണ് നെരൂദയുടേതെന്ന പേരിൽ എഐ ജനറേറ്റഡ് കവിത പ്രത്യക്ഷപ്പെട്ടത്. നാലു വർഷ ഡിഗ്രി പ്രോഗ്രാം തുടങ്ങാനായി തിരക്കിട്ട് അഞ്ച് ദിവസം കൊണ്ട് 72 കോഴ്സുകളുടെ സിലബസ് തയാറാക്കിയപ്പോഴാണ് അബദ്ധം പറ്റിയത്. എന്നാൽ, ഇത് പഠിച്ച് പരീക്ഷ എഴുതിയവർക്ക് മാർക്ക് ലഭിച്ചു. നോട്ട്സ് അന്വേഷിച്ച് പോയ അധ്യാപകരാണ് സംഭവം തിരിച്ചറിഞ്ഞത്.