

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയത്. അതോടൊപ്പം നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്.
കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുള്ളത്. മറ്റു നാല് ജില്ലകൾക്ക് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ഈ മാസം 23 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, ഇന്നത്തെ മഴ മുന്നറിയിപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്. നാല് ജില്ലകളിൽ ഉണ്ടായിരുന്ന ഓറഞ്ച് അലേർട്ട് അഞ്ചായി ഉയർത്തിയിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് നൽകിയത്.