ശക്തിപ്രാപിച്ച് കാലവർഷം; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും!

കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
ശക്തിപ്രാപിച്ച് കാലവർഷം; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും!
Published on

സംസ്ഥാനത്ത് ശക്തിപ്രാപിച്ച് കാലവർഷം. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴയെ തുടർന്ന് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് 38 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 11 വീടുകൾ പൂർണമായും തകർന്നു. 301 കുടുംബങ്ങളിലെ 1036 പേരെ മാറ്റി പാർപ്പിച്ചു.

കാലവർഷം ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com