രാജ്യത്തിൻ്റെ അവകാശ സമരപോരാട്ടങ്ങളുടെ മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവാണ് വിഎസ് എന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. കേരളത്തിൻ്റെ ചരിത്രം വിഎസിനെ മാറ്റി നിർത്തി ഒരിക്കലും എഴുതുവാൻ കഴിയില്ല. അവകാശ പോരാട്ടങ്ങളുടെ നായകന് തിരുവനന്തപുരത്തിൻ്റെ ആത്മീയ കൂട്ടായ്മ ആദരഞ്ജലി അർപ്പക്കുന്നുവെന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു.
തിരുവനന്തപുരത്തെ വീട്ടിലുള്ള വിഎസിൻ്റെ മൃതദേഹം രാവിലെ 9 മണിയോടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരത്തെ ബാർട്ടൺഹില്ലിലെ മകൻ്റെ വസതിയിലെത്തി. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. പാളയം മുതൽ ആരംഭിക്കുന്ന വിലാപ യാത്രക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.
ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്‌ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരിപാടികൾ ഉണ്ടാവില്ല. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും നടത്തും. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. മറ്റന്നാൾ ആലപ്പുഴ ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.