തിരുവനന്തപുരം; സഹപ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ വൈകാരിക കുറിപ്പുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. ഒരു തെറ്റും ചെയ്യാത്ത ഡോക്ടറെ ജയിലിൽ അടയ്ക്കാൻ സഹപ്രവർത്തകർ വ്യഗ്രത കാട്ടിയെന്ന് ഡോ. ഹാരിസ്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെ നിന്നു. മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവർക്ക് കാലം മാപ്പ് നൽകട്ടെയെന്നും ഹാരിസിന്റെ സന്ദേശം.
തന്നെ അറിയാവുന്നവർ പോലും അവസ്ഥ മനസിലാക്കിയില്ലെന്ന് ഡോ. ഹാരിസ് പ്രതികരിച്ചു. പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ല. കീഴ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ നേരിട്ട് ചോദ്യം ചെയ്യാമായിരുന്നു. പകരം വാർത്താസമ്മേളനം നടത്തിയത് ഞെട്ടിച്ചെന്നും ഡോ. ഹാരിസ് പറഞ്ഞു.ഡോക്ടർമാരുടെ സംഘടനയായ കെജിഎം സിറ്റിഎയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഡോക്ടർ ഹാരിസ് മെസേജ് അയച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെ കുറിച്ചുള്ള ഡോ. ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ടില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മോർസിലോസ്കോപ്പ് എന്ന ഉപകരണം കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ആരോഗ്യമന്ത്രി വീണാ ജോർജ് പരസ്യമായി ഉന്നയിക്കുകയും ചെയ്തു. തുടർന്ന് ഡിഎംഇയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ആദ്യഘട്ട പരിശോധന നടത്തി.
ഈ പരിശോധനയില്‍ ഡോ. ഹാരിസിന്റെ മുറിയില്‍ നിന്നും ബോക്സടക്കം മോർസിലോസ്കോപ്പ് കണ്ടെത്തിയെന്നാണ് പ്രിന്‍സിപ്പല്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇത് ഹാരിസ് മാറ്റിവെച്ചതല്ല മറ്റാരോ കൊണ്ടുവെച്ചതാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളില്‍ ഹാരിസിന്റെ മുറിയിലേക്ക് ആരോ കടക്കുന്നത് കാണാമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ ഡോ. ഹാരിസ് ഈ വാദങ്ങള്‍ തള്ളി.
വിഷയത്തിൽ വകുപ്പുതല അന്വേഷണ സമിതി നടപടിക്ക് ശുപാർശ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍. താൻ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥർ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നത് ചട്ടലംഘനം ആണെന്നും ഹാരിസ് വ്യക്തമാക്കി. സർക്കാരിനെ കുറ്റം പറയാൻ താല്‍പ്പര്യമില്ല. ഉപകരണങ്ങൾ എത്തിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും ഡോ. ഹാരിസ്.
സർക്കാരിന് സമ്മർദ്ദം ഉണ്ടാക്കിയെന്നും ഹാരിസ് പറഞ്ഞു. താൻ ആശുപത്രിയിൽ ഉണ്ടായിരുന്ന സമയം ആരോഗ്യ മന്ത്രി നേരിട്ടെത്തി സമാധാനപ്പെടുത്തി. മറ്റു കാര്യങ്ങൾ സംസാരിച്ചില്ല. വിവാദങ്ങൾ നീട്ടി വലിച്ചു കൊണ്ടുപോകുന്നത് സംവിധാനത്തെ മുഴുവൻ സമ്മർദത്തിലാക്കുമെന്നും ജനങ്ങൾക്ക് ഭയമുണ്ടാകുമെന്നും ഹാരിസ് അറിയിച്ചു. പരമാവധി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ആഗ്രഹം. കെജിഎംസിടി മാധ്യമങ്ങളെ കാണരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇനി ഈ വിഷയത്തിൽ താൻ പ്രതികരിക്കില്ലെന്നും ഡോ. ഹാരിസ് വ്യക്തമാക്കിയിരുന്നു.