കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസ് തമാശയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകനയച്ച നോട്ടീസ് പറന്ന് നടക്കുന്നു. സ്വർണക്കടത്ത് കേസിലും നോട്ടീസ് അയച്ചു ഇതെല്ലാം എവിടെ എത്തി എന്ന് ഇഡി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
കിഫ്‌ബി മസാല ബോണ്ടിലെ ഇഡി നടപടിയിൽ അമിത ആവേശമോ വലിയ പ്രതീക്ഷയോ ഇല്ല എന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രതികരണം. ഇ ഡിയുടെ നോട്ടീസ് വലിയ കാര്യമായി കാണുന്നില്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
അതേസമയം, കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഇ ഡി നോട്ടീസയച്ചതിൽ പ്രതികരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. ഇ ഡിയ്ക്ക് മുന്നിൽ പോകാൻ മനസില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള നോട്ടീസ് ഇ ഡിയുടെ സ്ഥിരം കലാപരിപാടിയാണ്. ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള പ്രചാരണം എന്നും തോമസ് ഐസക്ക് പ്രതികരിച്ചു. ഇപ്പോൾ ലഭിച്ച നോട്ടീസിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.
"കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇ ഡിക്ക് ആവുന്നില്ല. ഒരു ആവശ്യവുമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു. മസാല ബോണ്ട് വഴി കണ്ടെത്തുന്ന ഫണ്ട് ഭൂമി വാങ്ങാൻ ഉപയോഗിക്കാൻ പാടില്ല എന്നാണ് ഇപ്പോൾ പറയുന്നത്. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഭൂമി വാങ്ങിയിട്ടില്ല, ഭൂമി ഏറ്റെടുത്തിട്ടേയുള്ളു. മാത്രമല്ല അങ്ങനെ ചെയ്ത സമയത്ത് ആർബിഐ നിബന്ധനയും മാറിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മുഖം മറ സൃഷ്ടിക്കാനുള്ള ഇഡി നീക്കമാണിത്. യുഡിഎഫ് നേതാക്കൾ അതിനു പിന്നാലെ ഇറങ്ങുന്നത് സങ്കടകരമാണ്. പുച്ഛത്തോട് കൂടി കേരളം ഇത് തള്ളിക്കളയും. ബിജെപി കേരളത്തെ പിന്നോട്ടടിക്കുന്നു," തോമസ് ഐസക്ക് പ്രതികരിച്ചു.