

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. കേസില്‍ രണ്ടാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ മണികണ്ഠനാണ് തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്. അപകടസ്ഥലത്ത് കണ്ടയാള്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് മണികണ്ഠന്‍ സ്ഥിരീകരിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയാണ് മണികണ്ഠൻ കോടതിയിൽ ആവർത്തിച്ചത്.
വെളളയമ്പലം ഭാഗത്തുവച്ച് താടിവെച്ച ഒരാൾ അമിത വേഗതയിൽ കാറില്‍ സഞ്ചരിക്കുന്നത് കണ്ടിരുന്നു. അമിത വേഗതയിലെത്തിയ കാര്‍ അപകടമുണ്ടാക്കിയെന്ന് അറിഞ്ഞാണ് അപകടസ്ഥലത്ത് എത്തിയത്. അപ്പോഴാണ് ആളെ മനസിലായത്. കൂടെയുണ്ടായിരുന്ന പെൺ സുഹൃത്ത് പേര് ‘വഫ’ എന്ന് പൊലീസിനോട് പറയുന്നത് കേട്ടതായുമാണ് മണികണ്ഠൻ മൊഴി നൽകിയിരിക്കുന്നത്. കേസിലെ മൂന്നും നാലും സാക്ഷികള്‍ വിദേശത്തായതിനാല്‍ സമന്‍സ് നല്‍കാന്‍ സാധിച്ചില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നൽകി.
അതേസമയം, കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ കോടതി മാറ്റിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബഷീറിന്റെ ഭാര്യ ജസീലയാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ നിന്ന് കേസ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ താല്‍പ്പര്യപ്രകാരം ആണെന്നാണ് ആരോപണം. .
വിചാരണ നീതിപൂര്‍വം നടക്കുമോ എന്നതില്‍ ആശങ്കയുണ്ട്. കേസ് നേരത്തെ പരിഗണിച്ച സെഷന്‍സ് കോടതി ഒന്നിലേക്കു തന്നെ കേസ് മാറ്റണം. പ്രോസിക്യൂട്ടറെ മാറ്റണം. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി നാളെ പരിഗണിക്കും.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെ മനപൂർവമല്ലാത്ത നരഹത്യ (304), തെളിവു നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുളളത്.