ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൈരവന്‍ തെയ്യത്തിന്റെ രൂപം സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡൽഹിയിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിയപ്പോഴാണ് മുഖ്യമന്ത്രി തെയ്യത്തിന്റെ രൂപം നൽകിയത്. ക്ഷിപ്ര പ്രസാദിയും ഉഗ്ര മൂർത്തിയുമായ ശിവൻ ബ്രഹ്മാവിന്റെ ശിരസറുത്ത പാപം തീർക്കാനായി കപാലവുമായി ഭിക്ഷയ്ക്കിറങ്ങിയ ശിവസങ്കല്പമാണ് ഭൈരവമൂർത്തിയ്ക്ക് ഉള്ളത്. ശിവ സങ്കല്പത്തിലുള്ള ഈ ഭൈരവന്റെ പേരിലുള്ള ഒരു തെയ്യമാണ് ഭൈരവൻ.
ശൈവാംശ ഭൂതമായ ദൈവമാണ് ഭൈരവൻ തെയ്യം. പാപ മോക്ഷത്തിന് ശിവൻ യാത്രയായപ്പോൾ കൂടെകൂടിയ നായയാണ് ഭൈരവന്റെ വാഹനമായി കരുതപ്പെടുന്നത്. കാലഭൈരവൻഎന്ന നാമത്തിലും ഭൈരവൻ അറിയപ്പെടുന്നു. ഭൈരാവതി പഞ്ച മൂർത്തികളിൽ പ്രധാനിയാണ് ഭൈരവനെന്നും വിശ്വാസമുണ്ട്. പാണന്മാർ കെട്ടിയാടുന്ന ഭൈരവമൂർത്തി വൈഷ്ണവ സങ്കൽപ്പത്തിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ടുള്ളവയാണ്.
ചീരാളനെന്ന നാമത്തിൽ ചോയിയാർ മഠത്തിൽ ചോയിച്ചി പെറ്റ മകനാണ് ഭൈരവൻ എന്നാണ് വൈഷ്ണവ സങ്കൽപ്പം. അങ്ങനെ ഇരിക്കെ, പണ്ടൊരുനാൾ ഭൈരവനെ അറുത്ത് കറി വെച്ച് യോഗികൾക്ക് വിളമ്പിയെന്നും യോഗിമാർ ചീരാല എന്ന് ഉരുവിട്ടപ്പോൾ വിളമ്പിയ മാംസകഷണങ്ങൾ തുള്ളിക്കളിച്ചെന്നുമാണ് പാണന്മാരുടെ തോറ്റത്തിൽ പറയുന്നത്.