കൊച്ചി: ട്രാവൽ ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ കേരളത്തിന് വീണ്ടും അംഗീകാരം. 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കൊച്ചി. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആണ് കൊച്ചിയും ഇടം നേടിയത്.
ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട പട്ടികയിലാണ് കൊച്ചിയും ഇടം നേടിയത്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് കൊച്ചി. ഇത് കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണിത്. ടൂറിസം വളർച്ചയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.
കേരളത്തിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ് കൊച്ചി. കടൽത്തീരം, കായലുകൾ, മനോഹരമായ ദ്വീപുകൾ എന്നിങ്ങനെ നിരവധി ആകർഷണങ്ങൾ ഇവിടെയുണ്ട്. 'അറബിക്കടലിൻ്റെ റാണി' എന്ന് അറിയപ്പെടുന്ന കൊച്ചി അത്ഭുതങ്ങൾ തേടിയെത്തുന്ന സഞ്ചാരികൾക്ക് ഒരു പറുദീസയാണ്. രാജ്യത്തെ പ്രധാന തുറമുഖ നഗരങ്ങളിലൊന്ന് കൂടിയാണിത്.