കൊച്ചി: വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്ന് പ്രതികരിച്ച് നിയുക്ത കൊച്ചി മേയർ വി.കെ. മിനിമോൾ. തെരഞ്ഞെടുപ്പിന് മുൻപ് മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് നേരിട്ടത് ഒരുമിച്ചാണ്. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ടുപോകും. ദീപ്തിയും താനും നല്ല സുഹൃത്തുക്കളെന്നും മിനിമോൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.
"ഈ പദവി പ്രതീക്ഷിച്ചതല്ല. മേയർ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ പരിഗണിച്ചിരുന്നു. വ്യക്തമായ കാഴ്ചപ്പാടോടു കൂടി മുന്നോട്ടുപോകും. ഒരുപാട് പദ്ധതികൾ മനസ്സിലുണ്ട്. മാലിന്യ സംസ്കരണം, തെരുവുനായ ശല്യം തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ തീരുമാനമുണ്ടാകും. ടോണി ചമ്മിണി മേയർ ആയിരുന്നപ്പോൾ ഉള്ള എബിസി പദ്ധതിയുടെ തുടർച്ച ഉണ്ടാകും," മിനിമോൾ പറഞ്ഞു.
ഭൗതിക സാഹചര്യം ഉറപ്പുവരുത്തുക മാത്രമല്ല, ക്ഷേമവും കരുതലും ഉണ്ടാകും. എറണാകുളം യുഡിഎഫിൻ്റെ ഉരുക്കു കോട്ടയാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണവുമായി മുന്നോട്ടു പോകും. കോർപ്പറേഷനെ നയിക്കാൻ കർമ പദ്ധതി തയ്യാറാക്കും. രണ്ടര വർഷക്കാലം നല്ല രീതിയിൽ മുന്നോട്ടു പോകുമെന്നും നിയുക്ത മേയർ പറഞ്ഞു.