'സിറ്റി വിത്ത് ബെസ്റ്റ് ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട് ഇനിഷ്യേറ്റീവ് അവാര്‍ഡ്'; ഹരിത ഗതാഗത രംഗത്തെ സംഭാവനയ്ക്ക് കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്‌കാരം

''മെഗാ ഗ്രീന്‍ എനര്‍ജി പ്രോജക്റ്റ്‌സ് പവറിംഗ് കൊച്ചിസ് ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍'' എന്ന പദ്ധതിയിലൂടെ സുസ്ഥിര വളര്‍ച്ചയില്‍ കൊച്ചി നഗരം കൈവരിച്ച നേട്ടങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
'സിറ്റി വിത്ത് ബെസ്റ്റ് ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട് ഇനിഷ്യേറ്റീവ് അവാര്‍ഡ്'; ഹരിത ഗതാഗത രംഗത്തെ സംഭാവനയ്ക്ക് കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്‌കാരം
Published on

കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയ സിറ്റി വിത്ത് ബെസ്റ്റ് ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട് ഇനിഷ്യേറ്റീവ് അവാര്‍ഡ് കൊച്ചി മെട്രോയ്ക്കു ലഭിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍മാരായ സഞ്ജയ്കുമാര്‍, ഡോ. എം.പി രാംനവാസ് എന്നിവര്‍ കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി മനോഹര്‍ ലാലില്‍ നിന്ന് ഏറ്റുവാങ്ങി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് , കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് എന്നിവയുടെ സംയുക്ത ശ്രമഫലമായ ''മെഗാ ഗ്രീന്‍ എനര്‍ജി പ്രോജക്റ്റ്‌സ് പവറിംഗ് കൊച്ചിസ് ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍'' എന്ന പദ്ധതിയിലൂടെ സുസ്ഥിര വളര്‍ച്ചയില്‍ കൊച്ചി നഗരം കൈവരിച്ച നേട്ടങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

ഇന്ത്യയില്‍ വായു, കര, റെയില്‍, ജലം എന്നീ നാല് സംഘടിത ഗതാഗത സംവിധാനങ്ങളും ഹരിത ഊര്‍ജത്തെ അടിസ്ഥാനമാക്കി സമന്വയത്തോടെ പ്രവര്‍ത്തിക്കുന്ന ഏക നഗമായ കൊച്ചി ഈ മേഖലയില്‍ കൈവരിച്ച വളര്‍ച്ചയ്ക്ക് അടിവരയിടുന്നതാണ് അവാര്‍ഡ്. സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തിന്റെ ദേശീയ മാതൃകയായി കൊച്ചി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.

കൊച്ചി മെട്രോ സ്വന്തമായുള്ള ഊര്‍ജ്ജാവശ്യങ്ങളുടെ 53 ശതമാനം സൗരോര്‍ജ വൈദ്യുതിയിലൂടെ തന്നെയാണ് നിറവേറ്റുന്നത് എന്നും 2028ഓടെ ആവശ്യമായ വൈദ്യതി മുഴുവന്‍ സ്വന്തമായി സൗരോര്‍ജത്തിലൂടെ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. 11.33 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തിലൂടെ കൊച്ചി മെട്രോ ഉല്‍പ്പാദിപ്പിക്കുനനത്. മെട്രോ സ്റ്റേഷനുകള്‍ക്ക് മുകളിലും ഡിപ്പോ ട്രാക്കുകളിലും മെട്രോ പാതകളിലുമായി ഒരുക്കിയ സോളാര്‍ പാനലുകള്‍വഴി വര്‍ഷംതോറും 13,000 ടണ്ണിലധികം കാര്‍ബണ്‍ ഉത്സര്‍ജനം കുറയ്ക്കുന്നു അത് അഞ്ച് ലക്ഷം വൃക്ഷങ്ങള്‍ നട്ടതിനു തുല്യമാണ്. ഇതിനൊപ്പം, കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസുകളും ഇ ഓട്ടോകളും വാട്ടര്‍ മെട്രോ ഇലക്ട്രിക് ബോട്ടുകളും നഗരത്തിലെ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റിയെ കൂടുതല്‍ ശുദ്ധവും സുരക്ഷിതവും സാമ്പത്തികസൗഹൃദവുമാക്കി മാറ്റുകയാണ്.

പൂര്‍ണ്ണമായും സൗരോര്‍ജ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായ സിയാലും ഹരിത ഊര്‍ജ വ്യാപനത്തിന് കരുത്തുപകരുന്നു. 55 മെഗാവാട്ട് വൈദ്യുതിയാണ് സോളാര്‍-ഹൈഡ്രോ സംയോജനത്തിലൂടെ സിയാല്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ കോഴിക്കോട് അരിപ്പാറയിലെ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയും ഉള്‍പ്പെടുന്നു. കൊച്ചി മെട്രോയും സിയാലും ചേര്‍ന്ന് ഉല്‍പ്പാദിപ്പിക്കുന്ന 66.33 മെഗാവാട്ട് ഹരിത ഇന്ധനം പ്രതിവര്‍ഷം 62,000 ടണ്ണിലധികം കാര്‍ബണ്‍ എമിഷനാണ് കുറയ്ക്കുന്നത്.

ഈ ബഹുമതി കൊച്ചിക്കാര്‍ക്കുള്ളതാണ് എന്നും. പ്രവര്‍ത്തനം തുടങ്ങിയ ആദ്യ നാള്‍ മുതലേ കൊച്ചി മെട്രോയുടെ ലക്ഷ്യം ആളുകള്‍ക്ക് സുഖകരവും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കുന്നതിനൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതുകൂടിയായിരുന്നു എന്നും ലോക് നാഥ് ബെഹ്‌റ പറഞ്ഞു. കൊച്ചിയെ കൂടുതല്‍ ശുചിത്വവും കൂടുതല്‍ ഹരിതവും കൂടുതല്‍ ഉത്തരവാദിത്തബോധവുമുള്ള കൊച്ചിയാക്കി മാറ്റുന്നതില്‍ ഈ നഗര നിവാസികളുടെ കൂട്ടായ പരിശ്രമവും നിതാന്ത ജാഗ്രതയും ഏറെ പങ്ക് വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോ നടപ്പാക്കിയ ഹരിത പ്രവര്‍ത്തനങ്ങളില്‍ വന്‍തോതിലുള്ള വൃക്ഷത്തൈ നടീല്‍, ട്രെയിന്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി പുറം തള്ളുന്ന വെള്ളത്തിന്റെ 80 ശതമാനം വരെ പുനഃചക്രണം ചെയ്യുന്ന ജലശുദ്ധീകരണ സംവിധാനം, സ്റ്റേഷനുകളിലെ തന്നെ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ എന്നിവ പ്രധാനമാണ്.

സിയാല്‍ സോളാര്‍ പാനലുകളുടെ കീഴില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും നൈസര്‍ഗിക ഭൂപ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ഭൂമിയുടെ ഉപയോഗക്ഷമതയും ഊര്‍ജ്ജോല്‍പാദനവും വര്‍ധിപ്പിക്കുന്ന തരത്തില്‍ പേയന്നൂരില്‍ പ്രത്യേക തരം സോളാര്‍ ഇന്‍സ്റ്റോലേഷനുകള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് എന്നിവയുടെ സംയുക്ത ശ്രമഫലമായ ''മെഗാ ഗ്രീന്‍ എനര്‍ജി പ്രോജക്റ്റ്‌സ് പവറിംഗ് കൊച്ചിസ് ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍'' എന്ന പദ്ധതിയിലൂടെ സുസ്ഥിര വളര്‍ച്ചയില്‍ കൊച്ചി നഗരം കൈവരിച്ച നേട്ടങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

ഫോട്ടോ- കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏര്‍പ്പെടുത്തിയ സിറ്റി വിത്ത് ബെസ്റ്റ് ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട് ഇനിഷ്യേറ്റീവ് അവാര്‍ഡ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍മാരായ സഞ്ജയ്കുമാര്‍, ഡോ. എം.പി രാംനവാസ് എന്നിവര്‍ കേന്ദ്ര ഭവന നഗര കാര്യവകുപ്പ് മന്ത്രി മനോഹര്‍ ലാലില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com