കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി കെഎഫ് മൻസിലിൽ മുഹമ്മദ് നിയാസ് (25)നെയാണ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോഴാണ് പ്രതിയെ പിടികൂടിയത്. തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷൻ്റെ വീട്ടിൽ ബൈക്കിൽ എത്തിയ ആളാണ് മുഹമ്മദ് നിയാസ്. പ്രതി സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് അന്നൂസ് റോഷനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് മലപ്പുറത്തു നിന്ന് യുവാവിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം അന്നൂസിനെ ഉപേക്ഷിക്കുകയായിരുന്നു.
തട്ടിക്കൊണ്ടു പോയ സംഘം തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് അന്നൂസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മൈസൂരുവില്‍ ഒരേ സ്ഥലത്താണ് താമസിപ്പിച്ചത്. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാറിലാണ് തന്നെ തിരിച്ചെത്തിച്ചത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നതെന്നും അന്നൂസ് റോഷന്‍ പറഞ്ഞു.
അതേസമയം, സംഭവത്തിൽ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. മുഹമ്മദ് അനസ്, റിസ്വാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ ഇവര്‍ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരായിരുന്നില്ല. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.