കൊല്ലം: ആഭിചാര ക്രിയക്ക് വഴങ്ങാത്തതിനെ തുടർന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ തുടർനടപടികളുമായി പൊലീസ്. ഏരൂർ സ്വദേശിയായ ഉസ്താദിൻ്റെ മൊഴിയെടുക്കുമെന്നും, ആവശ്യമെങ്കിൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഭാര്യ റജുലയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ച ഭർത്താവ് സജീർ നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം തുടരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ആയൂര്‍ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റജുല (35)യുടെ മുഖത്ത് ഭർത്താവ് സജീർ തിളച്ച മീന്‍കറി ഒഴിച്ചത്. ഉസ്താദ് നിര്‍ദേശിച്ച ആഭിചാര ക്രിയയ്ക്ക് കൂട്ടുനിൽക്കാത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റജിലയുടെ വിശദ മൊഴിയെടുക്കും. കുട്ടിയെ മർദിച്ചതിലും സജീറിനെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഭാര്യയുടെ ശരീരത്തില്‍ സാത്താന്റെ ശല്യം ഉണ്ടെന്ന് പറഞ്ഞ് സജീർ നിരന്തരം റജിലയെ സജീര്‍ ആക്രമിച്ചിരുന്നു.തുടര്‍ന്ന് മന്ത്രവാദി ജപിച്ച് നല്‍കിയ ചരടുകള്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. മുടിയഴിച്ചിട്ട് മന്ത്രവാദ കര്‍മ്മങ്ങള്‍ നടത്താന്‍ റജിലയെ നിര്‍ബന്ധിച്ചു. വഴങ്ങാതിരുന്നതോടെ അടുക്കളയില്‍ തിളച്ച് കിടന്ന മീന്‍ കറി റജിലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ റജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.