kochi
Source: News Malayalam 24x7

നാടാകെ ഒന്നിച്ചു; കൊല്ലം സ്വദേശിയായ 13 വയസുകാരിക്ക് പുതുജന്മം

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശിയായ 19കാരൻ്റെ ഹൃദയമാണ് പെൺകുട്ടിക്ക് ലഭിച്ചത്.
Published on

കൊച്ചി: കൊല്ലം സ്വദേശിനിയായ 13 വയസുകാരിയുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ ലിസി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ 6.30 ഓടെ പൂർത്തിയായി. പുലർച്ചെ 1.25 ന് ആണ് ശസ്ത്രക്രിയ ആരംഭിച്ചത്. 3.30 ഓടെ കുട്ടിയിൽ ഹൃദയം സ്പന്ദിച്ച് തുടങ്ങിയിരുന്നു. അടുത്ത 48 മണിക്കൂർ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശിയായ 19കാരൻ്റെ ഹൃദയമാണ് പെൺകുട്ടിക്ക് ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടിയെ ട്രെയിനിൽ കൊല്ലത്തുനിന്ന് കൊച്ചിയിൽ എത്തിച്ചാണ് ശസ്ത്രക്രിയയ്ക്ക് വഴി ഒരുക്കിയത്. ഹെലികോപ്റ്റർ ലഭ്യമല്ലാതെ വന്നതോടെ വന്ദേ ഭാരതിനെ ദൗത്യത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് ഒരുക്കിയ വഴിയിലൂടെ കുട്ടിയെ ലിസി ആശുപത്രിയിൽ എത്തിച്ചു.

ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള പരിശോധനകൾ പോസിറ്റീവ് ആയതോടെ ഡോക്ടർമാരുടെ സംഘം അവയവ ദാദാവുള്ള അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് തിരിച്ചു. രാത്രി 10 മണിയോടെ ഡോക്ടർ ജോസ് ചാക്കോ പെരിയത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ദാദാവിൽ നിന്ന് ഹൃദയം വേർപ്പെടുത്തിയെടുക്കാനുള്ള ശസ്ത്രക്രിയകൾ ആരംഭിച്ചു. സമാനമായ സമയത്ത് ഡോക്ടർ ജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ ശസ്ത്രക്രിയയും ആരംഭിച്ചു.

രാത്രി ഒരു മണിയോടെ ദാദാവിൽ നിന്ന് ഹൃദയം വേർപ്പെടുത്തിയെടുത്തു. തുടർന്ന് പൊലീസിൻ്റെ അകമ്പടിയോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നും കലൂർ ലിസി ആശുപത്രിയിലേക്ക് ഹൃദയം 20 മിനിറ്റ് കൊണ്ട് എത്തിച്ചു. അങ്കമാലി സ്വദേശിയായ 19 വയസ്സുകാരൻ്റെ ഹൃദയമാണ് ലിസിയിൽ എത്തിച്ചത്. ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ മസ്തിഷ്ക മരണം കഴിഞ്ഞദിവസമാണ് സ്ഥിരീകരിച്ചത്. പെൺകുട്ടി നാളുകളായി ഗുരുതരമായ ഹൃദ്രോഗത്തെ അഭിമുഖീകരിക്കുക ആയിരുന്നുവെന്ന് ഡോക്ടർ ജോ ജോസഫ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com