കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ എന്ത് ആത്മാർത്ഥതയാണുള്ളത്; സർക്കാർ നടപടിയെ വെല്ലുവിളിക്കാനില്ല: തേവലക്കര സ്കൂള്‍ മുന്‍ മാനേജർ

കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. അദ്ദേഹം ഇവിടെ ഉള്ളപ്പോഴും ഈ ഹൈടെക്ക് ലൈനുണ്ട്...
തേവലക്കര സ്കൂള്‍ മാനേജർ തുളസീധരന്‍ പിള്ള
തേവലക്കര സ്കൂള്‍ മാനേജർ തുളസീധരന്‍ പിള്ളSource: News Malayalam 24X7
Published on

കൊല്ലം: വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ തേവലക്കര സ്കൂളിനെതിരായ സർക്കാർ നടപടിയെ പൂർണമായി സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മാനേജർ തുളസീധരന്‍ പിള്ള. സർക്കാരിനെ വെല്ലുവിളിക്കാന്‍ തങ്ങള്‍ ആരും ഉദ്ദേശിക്കുന്നില്ലെന്നും മാനേജർ. സ്കൂള്‍ ഭരണസമിതി പിരിച്ചുവിട്ട് സർക്കാർ ഭരണം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു പ്രതികരണം.

"ആ കുട്ടിയുടെ മരണം ഏല്‍പ്പിച്ച് ആഘാതം വെച്ച് നോക്കുമ്പോള്‍ ഇത് അതിന്റെ നൂറില്‍ ഒന്നുപോലുമല്ല. എനിക്കും പറയാനുണ്ട് ചിലത്. സ്വാഭാവികമായ അനാസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. തനിക്ക് മുന്‍പും സമൂഹത്തില്‍ ഉന്നതരായ വ്യക്തികള്‍ ഈ പദവിയില്‍ ഇരുന്നിട്ടുണ്ട്. അന്നും ഈ ലൈന്‍ അതുവഴി പോയിട്ടുണ്ട്. അന്ന് ഇത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ മാനേജ്മെന്റാണ് ഹൈടെക്ക് കമ്പിയുടെ കീഴില്‍ ഷെഡ് പണിതത്. അതിന്റെ അധ്യക്ഷന്‍ ഒരു അഭിഭാഷകനായിരുന്നു. ഞാന്‍ ആയിരുന്നെങ്കില്‍ അങ്ങനെ ഒരു നിർമിതിയുണ്ടാകില്ലായിരുന്നു," തുളസീധരന്‍ പിള്ള പറഞ്ഞു.

തേവലക്കര സ്കൂള്‍ മാനേജർ തുളസീധരന്‍ പിള്ള
മിഥുന്റെ മരണം: തേവലക്കര സ്കൂള്‍ ഭരണം സർക്കാർ ഏറ്റെടുത്തു; കൊല്ലം വിദ്യാഭ്യാസ ഓഫീസർ താല്‍ക്കാലിക മാനേജർ

കോണ്‍ഗ്രസും യുഡിഎഫും എന്ത് ആത്മാർഥതയിലാണ് ഈ സംഭവത്തില്‍ പ്രതിഷേധിക്കുന്നതെന്ന് മാനേജർ ചോദിച്ചു. കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. അദ്ദേഹം ഇവിടെ ഉള്ളപ്പോഴും ഈ ഹൈടെക്ക് ലൈനുണ്ട്. സമരം ചെയ്ത യുവജന നേതാക്കള്‍ ഇതിന്റെ കീഴില്‍ കൂടിയാണ് ദിവസവും പോകുന്നത്. അവർക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണുള്ളത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. സ്കൂള്‍ തല്ലിത്തകർത്ത് കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നവർ സമൂഹത്തിന് ബാധ്യതയാണെന്നും തുളസീധരന്‍ പിള്ള.

കെഇആർ പ്രകാരം മാനേജർമാർക്ക് സ്കൂളില്‍ ഓഫീസ് പോലുമില്ല. മെയ് 13ന് ഇറങ്ങിയ സർക്കുലർ മാനേജർമാർക്ക് നല്‍കിയിട്ടില്ല. പ്രധാനാധ്യപിക വരയെയുള്ളൂ. ന്യായീകരിക്കാന്‍ താന്‍ നില്‍ക്കുന്നില്ലെന്നും തേവലക്കര മുന്‍ സ്കൂള്‍ മാനേജർ വ്യക്തമാക്കി.

തേവലക്കര സ്കൂള്‍ മാനേജർ തുളസീധരന്‍ പിള്ള
"തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗം, ലിസ്റ്റില്‍ മരിച്ചവരും"; ക്രമക്കേട് ആരോപിച്ച് വി.ഡി. സതീശന്‍

തേവലക്കര സ്കൂളില്‍ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തുന്നതില്‍ മാനേജരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. മാനേജർ ആരോപണങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭ്യമാക്കിയില്ല. കെഇആർ ചാപ്റ്റർ 3 (9) പ്രകാരം കടമകൾ നിർവഹിക്കാത്തതുകൊണ്ട് മാനേജർ ആർ. തുളസീധരൻ പിള്ള നടപടിക്ക് അർഹനാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണം. ഇത് പ്രകാരമാണ് മാനേജറെ അയോഗ്യനാക്കി ചുതല കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com