കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. ചൊക്ലി കരിയാട് തണൽ ഡയാലിസിസ് കേന്ദ്രത്തിൽ നിന്നുള്ള മലിനജല പ്രശ്നത്തിലാണ് നാട്ടുകാരുടെ കയ്യേറ്റം. കരിയാട് അംഗനവാടി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കെ.പി. മോഹനൻ. മലിന ജലം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, പ്രദേശത്ത് അംഗനവാടി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി.
വലിയ തോതിൽ മലിനജല പ്രശ്നം നേരിടുന്ന പ്രദേശത്ത് അംഗനവാടി നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. മലിന ജലം മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും, കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറയുന്നു. "ഇങ്ങനെ മലിന ജലം വരുന്നിടത്ത് അംഗനവാടി ഉണ്ടാക്കാൻ സമ്മതിക്കില്ല. സ്ഥാപനം ഇന്ന് തുടങ്ങിയാലും കുട്ടികൾ ഇവിടെ വന്ന് പഠിക്കില്ല. മലിന ജലം പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന് തന്നെ അപകടമാണ്. ഏത് രാഷ്ട്രീയക്കാർ കൂട്ട് നിന്നാലും ഞങ്ങൾ ഇതിന് കൂട്ട് നിൽക്കില്ല. അത് നാടിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്," സമരസമിതി പറഞ്ഞു.
സ്വകാര്യ ഡയാലിസിസ് സെന്ററിൽ നിന്നും മലിന ജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പ്രതിഷേധത്തിലായിരുന്നു. കിണറിലേക്കുൾപ്പെടെ മലിനജലം ഒഴുകിയെത്തിയതോടെ പലർക്കും വീടൊഴിഞ്ഞു പോകേണ്ട സാഹചര്യം വരെയുണ്ടായി. ഏറെകാലമായി പരാതി പറഞ്ഞിട്ടും എംഎൽഎ വിഷയത്തിൽ യാതൊരു വിധ ഇടപെടലും നടത്തിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.